പ്ലേസ്റ്റോറില്‍ നിന്ന് 2200 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍- എങ്ങനെ സുരക്ഷിതരാവാം

ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികളുമായി ടെക്ക് ഭീമനായ ഗൂഗിള്‍. ഇതിന്റെ ഭാഗമായി 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. സാമ്പത്തികതട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോണ്‍ ആപ്പുകളെ നേരിടാനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ ലോണ്‍ ആപ്പുകളുടെ വ്യാപനം നേരിടാന്‍ റിസര്‍വ് ബാങ്ക് പോലുള്ള റെഗുലേറ്ററി ബോഡികളുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചുവരികയാണ്. 2021 ഏപ്രില്‍ മുതല്‍ 2022 ജൂലായ് വരെ ഏകദേശം 3500 മുതല്‍ 4000 ലോണ്‍ ആപ്പുകള്‍ വരെ ഗൂഗിള്‍ റിവ്യൂ ചെയ്തിരുന്നു. ഇതില്‍ 2500 എണ്ണം നീക്കം ചെയ്തു. സമാനമായി, 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ ഗൂഗിള്‍ പരിശോധന നടത്തുകയും 2200 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യുകയും ചെയ്തു.
ലോണ്‍ ആപ്പുകള്‍ക്ക് പ്ലേ സ്‌റ്റോറുകളില്‍ കടുത്ത നിയന്ത്രണങ്ങളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബാങ്ക് അല്ലെങ്കില്‍ ബാങ്ക് ഇതര സ്ഥാപനങ്ങളോ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കോ മാത്രമോ ലോണ്‍ ആപ്പുകള്‍ പ്രസിദ്ധീകരിക്കാനാവൂ. ഒപ്പം, മറ്റ് കര്‍ശന വ്യവസ്ഥകളും പാലിക്കേണ്ടതായിവരും.
സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതോടെ കേന്ദ്രസര്‍ക്കാര്‍ സജീവ ഇടപെടല്‍ വിഷയത്തില്‍ നടത്തിവരുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ എസ്എംഎസ്, റേഡിയോ ബ്രോഡ്കാസ്റ്റ്, പബ്ലിസിറ്റി കാമ്പയിന്‍ എന്നിവയിലൂടെയെല്ലാം ജനങ്ങള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവല്‍കരണം നടത്തിവരികയാണ്.
ലോണ്‍ ആപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷനേടാം
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് കമ്പനിയുടെ വിശദാംശങ്ങള്‍ വിശദമായി പഠിച്ചിരിക്കണം. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന പെര്‍മിഷനുകള്‍ പരിശോധിക്കണം. സേവന വ്യവസ്ഥകളും വായിക്കണം. സുരക്ഷിതമായ പേമന്റ് ചാനലുകള്‍ ഉപയോഗിക്കണം. പാസ് വേഡുകള്‍ ഉള്‍പ്പടെയുള്ള രഹസ്യാത്മക വിവരങ്ങള്‍ നല്‍കരുത്.
ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുക. ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. സംശയം തോന്നിയാല്‍ വിവരം അധികൃതരെ അറിയിക്കുക. ജാഗ്രത പാലിക്കുക.