വയോജനങ്ങൾക്ക് സ്‌നേഹയാത്ര സംഘടിപ്പിച്ച് പേരാവൂർ പഞ്ചായത്ത്

പേരാവൂർ : പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി ഉണർവ് എന്ന പേരിൽ സ്‌നേഹയാത്ര സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ പൂക്കോട് തടാകം, ബാണാസുര സാഗർ, മീൻമുട്ടി, കാരാപ്പുഴ ഡാം, താമരശേരി ചുരം എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. പഞ്ചായത്തിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന നൂറ് വയോജനങ്ങളാണ് യാത്രയിൽ പങ്കാളികളായത്.
ഗ്രാമസഭകൾ വഴി ലഭിച്ച അപേക്ഷകളിൽ നിന്നുമാണ് അർഹരെ കണ്ടെത്തിയത്. വയോജനങ്ങളുടെ മനസിൽ സന്തോഷമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നേതൃത്വം നൽകി. വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ റീന മനോഹരൻ, എം. ഷൈലജ, കെ.വി. ശരത്ത്, യു.വി. അനിൽ കുമാർ, കെ.വി. ബാബു, ബേബി സോജ, സി. യമുന, നിഷ പ്രദീപൻ തുടങ്ങിയവരും യാത്രയിൽ സംബന്ധിച്ചു.