കൊട്ടിയൂരിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; കുടുംബാരോഗ്യ കേന്ദ്രം ഒ.പി ഉച്ചവരെയായി ചുരുക്കി

കൊട്ടിയൂർ: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം. ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമയം ഉച്ചവരെയായി ചുരുക്കിയിരിക്കുകയാണ്. ഉച്ചകഴിഞ്ഞെത്തുന്ന രോഗികൾ ചികിത്സയ്ക്കായി സ്വകാര്യ ആസ്പത്രിയെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഒരു മെഡിക്കൽ ഓഫീസറെ കൂടാതെ രണ്ട് താത്കാലിക ഡോക്ടർമാരെ വച്ചാണ് ആസ്പത്രി പ്രവർത്തിക്കുന്നത്.
നേരത്തെ ഒ.പി വൈകുന്നേരം വരെയുണ്ടായിരുന്നു. മെഡിക്കൽ ഓഫീസറുടെ സേവനം ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ലഭിക്കുന്നത്. മൂന്ന് അസിസ്റ്റന്റ് സർജന്മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെങ്കിലും നടപടി വൈകുകയാണ്. എൻ.എച്ച്.എം ഡോക്ടറും അഡ്ഹോക് ഡോക്ടറുമാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉള്ളത്. നാല് ജൂനിയർ ഹെൽത്ത് നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
നാല് ഡോക്ടർമാർ വേണ്ടതാണ്
നാല് ഡോക്ടർമാരുടെ സേവനം വേണ്ട സ്ഥാനത്ത് ഒരു മെഡിക്കൽ ഓഫീസറാണുള്ളത്. അദ്ദേഹത്തിന് പേരാവൂർ താലൂക്ക് ആസ്പത്രിയിലും മൂന്ന് ദിവസം ഡ്യൂട്ടിയുണ്ട്. ഇതുകാരണം മൂന്ന് ദിവസം മാത്രമാണ് കൊട്ടിയൂരിലുണ്ടാവുക. ഇതുമൂലം കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്ന നിരവധി ആളുകൾ ദുരിതമനുഭവിക്കുകയാണ്.
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്ത അവസ്ഥ മന്ത്രി വീണാ ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകും.
സി.പി.എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി സുനീന്ദ്രൻ