കോളയാട് പഞ്ചായത്ത് ബജറ്റ്; സമ്പൂർണ ഭവന പദ്ധതിക്ക് ഊന്നൽ

കോളയാട്: സമ്പൂർണ്ണ ഭവന പദ്ധതിക്ക് നാല് കോടി 88 ലക്ഷം രൂപ വകയിരുത്തി കോളയാട് പഞ്ചായത്ത് ബജറ്റ്. 22 കോടി ഏഴ് ലക്ഷം വരവും 18 കോടി 91 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 2024-25 വർഷത്തെ വാർഷിക ബജറ്റ് വൈസ്. പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അവതരിപ്പിച്ചു. ജലാഞ്ജലി പദ്ധതിക്കായി തൊഴിലുറപ്പ് പ്രവർത്തികൾക്ക് ഏഴ് കോടി രൂപയും ഉത്പാദന മേഖലയിൽ സമഗ്ര പുരോഗതിക്ക് 46 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.
അങ്കണവാടികളിൽ പോഷകാഹാരം നല്കാനും നവീകരണത്തിനും 8.5 ലക്ഷം, വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് ആറ് ലക്ഷം, പശ്ചാത്തല മേഖലയിൽ റോഡ് പുനർ നിർമാണത്തിനും നവീകരണത്തിനും ഒരു കോടി 17 ലക്ഷം തുടങ്ങിയവയാണ് മറ്റ് പ്രധാന നീക്കിയിരിപ്പ്.
പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു. പി. ഉമാദേവി, ടി. ജയരാജൻ, ശ്രീജ പ്രദീപൻ, റോയ് പൗലോസ്, പി. സജീവൻ, സിനിജ സജീവൻ, കെ.പി. സുരേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് എന്നിവർ സംസാരിച്ചു.