മഞ്ഞുകാച്ചിപ്പാറ: ഉദയാസ്തമയങ്ങൾ മനോഹരമാക്കാൻ പാലുകാച്ചിപ്പാറ

Share our post

മട്ടന്നൂർ: സായാഹ്ന സൂര്യന്റെ ചെങ്കതിരുകൾ മലമടക്കുകളിൽ ചെഞ്ചായം വിതറുമ്പോൾ പാലുകാച്ചിപ്പാറയുടെ ഭംഗി കൂടും. ഒപ്പം അത് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും.

മാലൂർ പഞ്ചായത്തിലെ ശിവപുരം വില്ലേജിൽ സമുദ്രനിരപ്പിൽ നിന്നു മൂവായിരത്തോളം അടി ഉയരത്തിൽ നിൽക്കുന്ന പുരളിമലയുടെ ഒരു ഭാഗമാണ് പാലുകാച്ചിപ്പാറ.

ടൂറിസം ഭൂപടത്തിൽ ഇതിനകം ഇടം നേടിക്കഴിഞ്ഞ പാലുകാച്ചിപ്പാറയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ഉദയാസ്തമയങ്ങളുടെ ഭംഗി മാത്രമല്ല, ചരിത്രങ്ങളും ഐതിഹ്യങ്ങളും കൂടിയാണ്. വരൂ ഇതിലേ..
ശിവപുരം വഴി മാലൂരിലേക്ക് വരുമ്പോൾ 2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. പാലുകാച്ചിപ്പാറ സ്റ്റോപ്പിൽ നിന്ന് ഇടതുഭാഗത്ത് കൂടി പാറയിൽ കയറുന്ന വഴി ഉണ്ട്. വാഹനയാത്രക്കാർക്കു പോലും പാറ കാണാം.

സാഹസിക യാത്ര നടത്തുന്ന വിനോദസഞ്ചാരികൾക്ക് കണ്ണൂർ ജില്ലയിൽ ഇതുപോലുള്ള സ്ഥലം വേറെ ഇല്ലെന്നു പറയാം. പുരളിമലയുടെ ഭാഗമാണ് ഈ ഉയർന്ന പ്രദേശം. മലമുകളിൽ നിന്നു നോക്കിയാൽ അങ്ങകലെ കടൽ കാണാൻ കഴിയും.

സായാഹ്നങ്ങളിലും പ്രഭാതത്തിലും മഞ്ഞണിഞ്ഞ മലനിരകളുടെ ഭംഗി അവർണനീയമാണ്. മഴക്കാലത്ത് പാറയിൽ നിന്നു വെള്ളം കുത്തനെ ഇറങ്ങുന്നതിനാൽ അപകട സാധ്യതയുണ്ട്. ആ സമയത്തു യാത്ര ഒഴിവാക്കുന്നതാണു നല്ലത്.

കഥകളുറങ്ങുന്ന പാറകൾ

പാലുകാച്ചിപ്പാറയ്ക്ക് പുരാണവുമായി ബന്ധപ്പെട്ട കഥകളുണ്ട്. ശിവനും പാർവതിയും കൊട്ടിയൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ഇവിടത്തെ പാറക്കെട്ടുകളിൽ വിശ്രമിച്ചുവെന്നും കൂറ്റൻ പാറകൾ അടുപ്പാക്കി അതിൻമേൽ പാലു കാച്ചിയെന്നും അതുകൊണ്ടാണ് പാലുകാച്ചിപ്പാറ എന്ന പേരു വന്നതെന്നും പഴമക്കാർ വിശ്വസിച്ചു പോരുന്നു. പാൽ തിളച്ചു മറിഞ്ഞതു പോലുള്ള വെള്ള വരകൾ പാറപ്പുറത്തു കാണാം.

വിമാനത്തിന് വഴികാട്ടി ടവർ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ പ്രധാന സിഗ്നൽ കേന്ദ്രം പാലുകാച്ചിപ്പാറയുടെ മുകളിലാണ്. വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ ഇവിടത്തെ ടവറിനു മുകളിലൂടെ ചുറ്റിയാണ് മട്ടന്നൂർ ഭാഗത്തേക്കു താഴ്ന്നു പറക്കുക.

കേരളത്തിലെ ആദ്യകാലത്തെ മൈക്രോവേവ് സ്റ്റേഷനും പാലുകാച്ചിപ്പാറയിലാണ് സ്ഥാപിച്ചത്. കോഴിക്കോട് നിന്നു മംഗലാപുരം വരെയുള്ള എസ്‍ടിഡി കോൾ നെറ്റ്‌വർക്ക് സ്ഥിതിചെയ്യുന്നത് ഈ ടവർ കേന്ദ്രീകരിച്ചാണ്. ദൂരദർശന്റെ ഭൂതല സംപ്രേഷണത്തിന്റെ റിലേ ടവറും ഇതിൽത്തന്നെയാണ്.

ടൂറിസം സാധ്യതകളേറെ

പരിസ്ഥിതി ടൂറിസത്തിനു പ്രാധാന്യമുള്ള ഇക്കാലത്ത് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി വളർത്താനുള്ള സാധ്യതകളുള്ള പ്രദേശമാണിത്. സമീപത്തു തന്നെയുള്ള പുരളി മലയിൽ ടൂറിസ്റ്റ് റിസോർട്ടുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

ഒട്ടേറെ സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. ടൂറിസം വകുപ്പ് മുൻകയ്യെടുത്ത് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചാൽ ഭാവിയിൽ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനയിടമായി ഇതുമാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!