ദേശീയ വിരവിമുക്ത ദിനാചരണം;ജില്ലയില്‍ ആറുലക്ഷം പേര്‍ക്ക് ഗുളിക നല്‍കും

കണ്ണൂര്‍:ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് ജില്ലയില്‍ 604345 പേര്‍ക്ക് വിര നശീകരണത്തിന് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാലയങ്ങളും അങ്കണവാടികളും മുഖേനയാണ് ഗുളിക നല്‍കുക. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി അസി.
കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല സ്റ്റിയറിങ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഒന്ന് മുതല്‍ രണ്ട് വയസ് വരെ 200 മില്ലിഗ്രാം ഗുളികയും (അര ഗുളിക) രണ്ട് മുതല്‍ 19 വരെ 400 മില്ലിഗ്രാം (ഒരു ഗുളിക) ഗുളികയും നല്‍കും. എട്ടിന് ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ക്ക് 15ന് മോപ് അപ് റൗണ്ടിലൂടെ മരുന്ന് നല്‍കും. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ചാണ് നല്‍കേണ്ടത്. മുതിര്‍ന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കാം.
ഗുളിക കഴിച്ച ശേഷം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ വിര മരുന്ന് കഴിക്കേണ്ടതില്ല. ശരീരത്തില്‍ വിരകളുടെ തോത് കൂടുതലുള്ള കുട്ടികളില്‍ ഗുളിക കഴിച്ചാല്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. വിരകള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണിവ. കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം താനേ ഭേദമാകും.
വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വനിത ശിശുവികസന വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ജി അശ്വിന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.