‘കടൈസി വ്യവസായി’യിലെ നടി കാസമ്മാൾ മകന്റെ അടിയേറ്റു മരിച്ചു

ചെന്നൈ: ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയിൽ അഭിനയിച്ച കാസമ്മാൾ (71) മകന്റെ അടിയേറ്റു മരിച്ചു. മകൻ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാൻ പണംചോദിച്ച് വഴക്കിടുന്നതിനിടയിൽ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാൾ തത്ക്ഷണം മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85-കാരനും പ്രധാനവേഷം കൈകാര്യംചെയ്ത ‘കടൈസി വ്യവസായി’(അവസാനത്തെ കർഷകൻ)യിൽ ഒട്ടേറെ ഗ്രാമീണർ അഭിനയിച്ചിരുന്നു. അതിലൊരാളായിരുന്നു വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ച കാസമ്മാൾ.
ബാൽസാമി-കാസമ്മാൾ ദമ്പതിമാർക്ക് നമകോടിയുൾപ്പെടെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.