ടൂറിസ്റ്റ് ബസുകള്‍ക്ക് വന്‍ നികുതിയിളവ്; കുറച്ചത് സീറ്റൊന്നിന് 1000 രൂപ വരെ

Share our post

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ടൂറിസ്റ്റ് ബസുകള്‍ പോലും നികുതി താരതമ്യേന കുറവുള്ള നാഗലാന്റ്, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉപയോഗിച്ച് സര്‍വീസ് നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.

ഇത്തരത്തില്‍ ബസുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സംസ്ഥാനത്തിന് നികുതി നഷ്ടമുണ്ടാകുന്നതിന് പുറമെ, രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ് ടെസ്റ്റ് ഫീസ് എന്നിവയിലും നഷ്ടമുണ്ടാകുന്നുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തി. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ബസുകളുടെ രജിസ്‌ട്രേഷന്‍ കേരളത്തില്‍ തന്നെ നടത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് ടൂറിസ്റ്റ് ബസുകളുടെ നികുതിയില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചിരിക്കുന്നത്.

സാധാരണ സീറ്റുകള്‍ നല്‍കിയിട്ടുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് നിലവില്‍ മൂന്ന് മാസത്തേക്ക് സീറ്റിന് 2250 രൂപ എന്ന നിലയിലാണ് നികുതി ഈടാക്കുന്നത്. എന്നാല്‍, ഇത് 1500 രൂപയാക്കി കുറയ്ക്കാനാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, പുഷ്ബാക്ക് സീറ്റുകളുള്ള ബസുകള്‍ക്ക് സീറ്റൊന്നിന് മൂന്ന് മാസത്തേക്ക് നിലവില്‍ 3000 രൂപയാണ് നികുതി ഈടാക്കുന്നത്. ഇത് 2000 രൂപയാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ഓടുന്ന സ്ലീപ്പര്‍ ബെര്‍ത്ത് ബസുകള്‍ക്ക് ബെര്‍ത്ത് ഒന്നിന് 4000 രൂപയാണ് നിലവില്‍ മൂന്ന് മാസത്തേക്ക് നികുതി ഈടാക്കുന്നത്. ഇത് 3000 രൂപയായാണ് കുറയ്ക്കുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ടൂറിസത്തിനായി വല്ലപ്പോഴും സംസ്ഥാനത്ത് പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഏഴ് ദിവസത്തേക്ക് ത്രൈമാസ നികുതിയുടെ പത്ത് ശതമാനം മാത്രം നികുതിയായി ഈടാക്കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ ഏഴ് ദിവസത്തിലധികം കേരളത്തില്‍ ഓടുന്നതിന് ഒരു മാസത്തെ നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, സ്ഥിരമായി കേരളത്തില്‍ തന്നെ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ നിന്ന് ത്രൈമാസ നികുതി എന്ന നിലയില്‍ തന്നെയായിരിക്കും ടാക്‌സ് ഈടാക്കുന്നത്. ഇവയ്‌ക്കൊപ്പം വാഹനങ്ങളുടെ നികുതി ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള പദ്ധതിയും മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!