ഈ ‘സ്നേഹ’ക്കൂട്ടായ്മ ഒരുക്കുന്നു സമൃദ്ധിയുടെ കൃഷി

Share our post

കണ്ണൂർ : കൃഷിയിൽ 11 വർഷം പിന്നിടുകയാണ് ഈ സ്നേഹക്കൂട്ടായ്മ. ഒരുമയോടെ കൃഷിയിടത്തിലേക്കിറങ്ങിയാൽ വിജയം കൊയ്യാമെന്ന് ഇവർ തെളിയിക്കുന്നു. സ്നേഹ പുരുഷ സ്വയംസഹായസംഘത്തിലെ ആറുപേരാണ് പൊതുവാച്ചേരി എടവലത്ത് താഴെവയലിൽ നെല്ലും പച്ചക്കറിയും കൃഷിചെയ്യുന്നത്.

ഡ്രൈവറായി ജോലിചെയ്യുന്ന പി.പ്രമോദ്, എൽ.ഐ.സി. ഏജന്റ് ആർ.വി.രാജേഷ്, ലോഡിങ് തൊഴിലാളിയായ കെ.ബിജു, ജനറൽ ഇൻഷുറൻസ് ഏജന്റായ ഇ.പവിത്രൻ, നിർമാണത്തൊഴിലാളികളായ പി.വിനയൻ, പി.പി.രാജൻ എന്നിവരാണ് ഒഴിവുസമയം പരമാവധി പ്രയോജനപ്പെടുത്തി പാടത്തിറങ്ങുന്നത്. പാട്ടത്തിനെടുത്ത രണ്ടരയേക്കറിൽ നെല്ലും 50 സെന്റിൽ പച്ചക്കറിയുമാണ് കൃഷിചെയ്യുന്നത്. കൂടാതെ, മാവിലായി യു.പി. സ്കൂളിനു സമീപം 50 സെന്റിൽ മഞ്ഞൾകൃഷിയുമുണ്ട്. 2012-ൽ തുടങ്ങിയ ഒരുമിച്ചുള്ള കൃഷി ജീവിതത്തിൽ സംതൃപ്തിയുടെ പുതിയ അധ്യായം തുറന്നെന്ന് ഇവർ പറയുന്നു.

പരിപാലനം പെർഫക്ട്

സാമ്രാട്ട്, ആനക്കൊമ്പൻ ഇനങ്ങളിൽപ്പെട്ട വെണ്ട, കോട്ടപ്പയർ, മീറ്റർപയർ, ചീര, താലോലി, കയ്പ, പച്ചമുളക്, വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷിചെയ്യുന്നത്. വീട്ടാവശ്യത്തിനും വില്പനയ്ക്കുമുള്ള വിളവ് ലഭിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. ഡിസംബർ മുതൽ ജൂൺ വരെയാണ് പച്ചക്കറികൃഷി. രാവിലെ ഏഴുമുതൽ ഒൻപതു വരെയും ഒഴിവുദിവസങ്ങളിലുമാണ് നനയുൾപ്പെടെയുള്ള പരിപാലനം.

കോഴിവളം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ സ്യൂഡോമോണസുമായി ചേർത്ത് അടിവളമായി ഉപയോഗിക്കുന്നു. നട്ട് നാലില പ്രായമെത്തിയാൽ കോഴിവളം, പിണ്ണാക്ക് പൊടിച്ചത് എന്നിവ ഒരു ചെടിക്ക് 50 ഗ്രാം വീതമിടും. വേപ്പിൻപിണ്ണാക്ക് (രണ്ടുകിലോ), പച്ചച്ചാണകം (ഒരുകൊട്ട), എല്ലുപൊടി (രണ്ടുകിലോ), കടലപ്പിണ്ണാക്ക് (നാലുകിലോ), വെല്ലം (അരക്കിലോ), ഗോമൂത്രം എന്നിവ 200 ലിറ്റർ ഡ്രമ്മിൽ വെള്ളത്തിൽ ചേർത്തുണ്ടാക്കുന്ന ജൈവസ്ളറിയാണ് മറ്റൊരു പ്രധാന വളം. ആറുദിവസത്തിനുശേഷം അഞ്ചിരട്ടി വെള്ളം ചേർത്താണ് ഉപയോഗിക്കുക.

രോഗം വരും മുൻപ്‌ പ്രതിരോധം

വെള്ളീച്ച, തണ്ടുതുരപ്പൻ പുഴു, മുഞ്ഞ ഉൾപ്പെടെയുള്ള കീടാക്രമണങ്ങളെ പ്രതിരോധിക്കാൻ കൃഷിയുടെ തുടക്കത്തിലേ വിവേറിയയും സ്യൂഡോമോണസും ഇലകളിൽ തളിക്കും. തുടക്കത്തിൽ ഒരുലിറ്റർ വെള്ളത്തിൽ രണ്ടുമില്ലിയും പിന്നീട് അഞ്ചുമില്ലിയും വിവേറിയയും ലിറ്ററിന് 20 ഗ്രാം സ്യൂഡോമോണസും ഇടവിട്ട് തളിക്കും. രോഗംവരും മുൻപ്‌ പ്രതിരോധനടപടി സ്വീകരിക്കുന്നതിനാൽ കീടാക്രമണം കാര്യമായുണ്ടാകുന്നില്ലെന്ന് ഇവർ പറയുന്നു.

കാർഷിക സർവകലാശാലയുടെ ട്രൈക്കോകാർഡ് സ്ഥാപിച്ചാണ് എല്ലാവിധ കീടാക്രമണങ്ങളെയും പ്രതിരോധിക്കുന്നത്. ഞാറ്റടി നട്ട ഉടനെ ട്രൈക്കോകാർഡ് വയലിൽ സ്ഥാപിക്കും. 10 ദിവസം കൂടുമ്പോൾ ഇത് മാറ്റിസ്ഥാപിക്കണം. ഇങ്ങനെ മൂന്നുതവണയാണ് ട്രൈക്കോകാർഡ് സ്ഥാപിക്കേണ്ടത്. രണ്ടേക്കറിലെ ട്രൈക്കോ കാർഡിന് 200 രൂപ മാത്രമാണ് ചെലവ്‌. രോഗബാധയിൽനിന്ന് നെല്ലിനെ സംരക്ഷിക്കാൻ ഇതുവഴി കഴിയുന്നതിനാൽ ഇതുവരെ രാസകീടനാശിനികൾ പ്രയോഗിക്കേണ്ടിവന്നിട്ടില്ലെന്ന് കൂട്ടായ്മയിലെ അംഗമായ കെ.ബിജു പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!