ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്: കയറ്റുമതിയിൽ വൻവളർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഐ.ടി. പാർക്കുകളായ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് എന്നിവയുടെ വളർച്ച ഐ.ടി. മേഖലയിൽ നല്ല സൂചനകളാണ് കാണിക്കുന്നതെന്ന് സാമ്പത്തികസർവേ.
2017-18-ൽ തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ കയറ്റുതി 6450 കോടി രൂപയായിരുന്നത് 2022-23-ൽ 11,630 കോടിരൂപയായി വളർന്നു. മുൻവർഷത്തേതിൽനിന്ന് 18.97 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. കൊച്ചി ഇൻഫോപാർക്കിലെ കയറ്റുമതി വളർച്ച 8500 കോടിരൂപയിൽനിന്ന് കഴിഞ്ഞ സാമ്പത്തികവർഷമായപ്പോൾ 9876 കോടിരൂപയുമായി.
ടെക്‌നോപാർക്കിൽ എത്തിയ കമ്പനികളുടെ എണ്ണത്തിലും വളർച്ചയുണ്ടായി. 3.01 ശതമാനം വളർച്ചനിരക്കുണ്ടായ ഇവിടെ 70,600 തൊഴിലവസരങ്ങളുമുണ്ടായി. ഇതും മുൻവർഷത്തെ അപേക്ഷിച്ച് 10.3 ശതമാനം കൂടുതലാണ്. അഞ്ചു കാംപസുകളിലായി വ്യാപിച്ചുകിടക്കുന്ന തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ ആകെ വിറ്റുവരവ് 20,000 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 5600 കോടിയുടെ നിക്ഷേപവും നേടി. കൊച്ചി ഇൻഫോപാർക്കിൽ കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കനുസരിച്ച് 66,000 തൊഴിലാളികളാണുള്ളത്.
സ്റ്റാർട്ടപ്പ് ഭൗതികസാഹചര്യങ്ങളിലും വലിയ നേട്ടങ്ങളുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2020-21-ൽ 3143 സ്റ്റാർട്ടപ്പുകളാണുണ്ടായിരുന്നതെങ്കിൽ 2023-24 സാമ്പത്തികവർഷം ഇത് 4681 ആയി വർധിച്ചു. ഇൻകുബേറ്ററുകളുടെ എണ്ണം 19-ൽ നിന്ന് 67 ആയി.
നാലുവർഷം മുമ്പ് 30,000 തൊഴിലവസരങ്ങളാണുണ്ടായിരുന്നത്. 2023-24-ൽ ഇത് 46,800 ആയി വർധിച്ചു. ബാഹ്യനിക്ഷേപം 1638 കോടിരൂപയിൽനിന്ന് 5375-ഉം ആയി.