ഭിന്നശേഷി വിദ്യാർഥികൾക്കായി പദ്ധതി; വീട്ടിലെത്തും ക്ലാസ് മുറി

കണ്ണൂർ: വീട്ടിൽ ഒതുങ്ങിപ്പോകുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സമഗ്രശിക്ഷ കേരളത്തിന്റെ വെർച്വൽ ക്ലാസ്മുറി. സ്കൂളിൽ സജ്ജീകരിക്കുന്ന ക്യാമറയിലൂടെ വിദ്യാർഥിയുടെ ടാബിൽ ക്ലാസ് മുറി തെളിയും.
ചലിപ്പിക്കാൻ സാധിക്കുന്ന ക്യാമറയാണ് സജ്ജീകരിക്കുന്നത്.
അതുകൊണ്ടുതന്നെ, ആവശ്യാനുസരണം ക്യാമറകൾ സ്കൂൾ ഹാളിലേക്കും അസംബ്ലിയിലേക്കുമെല്ലാം തിരിച്ചുവയ്ക്കാം. 360 ഡിഗ്രിയിൽ തിരിയുന്ന ക്യാമറയുടെ സജ്ജീകരണവും സ്കൂളുകൾക്കാവശ്യമായ വൈഫൈ സൗകര്യവും 19 സ്കൂളുകളിൽ നൽകിക്കഴിഞ്ഞു.
ടാബിനടക്കം ഏകദേശം 35,000 രൂപയാണ് ഒരു ക്യാമറാ സജ്ജീകരിക്കാൻ വേണ്ട ചെലവ്. ജില്ലയിലെ 19 വിദ്യാർഥികൾക്ക് വെർച്വൽ ക്ലാസ് മുറിയിലൂടെ സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമാകാം.ഭിന്നശേഷി വിദ്യാർഥികൾക്ക് ക്ലാസ് മുറി സൗകര്യം ഇല്ലാത്തതിന്റെ പ്രതിസന്ധി ഒരുപരിധി വരെ വെർച്വൽ ക്ലാസ് മുറികളിലൂടെ പരിഹരിക്കാനാകുമെന്ന് സമഗ്രശിക്ഷാ കേരള കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ.പി.കെ.സബിത്ത് പറഞ്ഞു.
ഇ.സി.വിനോദ് സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുന്ന സുരക്ഷിതത്വബോധവും കൂട്ടായ്മയുടെ അനുഭൂതിയും ഒരു വിദ്യാർഥിയെ വളരെയധികം സ്വാധീനിക്കും. ഭിന്നശേഷിക്കാർക്ക് ക്ലാസ് മുറികൾ അന്യമാണ്. വെർച്വൽ ക്ലാസ് മുറികൾ ഇതിനൊരു പരിഹാരമാകുമെന്നാണു പ്രതീക്ഷ.