ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തവും മൂന്ന് ലക്ഷം പിഴയും ശിക്ഷ

Share our post

തലശ്ശേരി : ഭാര്യയെ അടുക്കളയിൽ തടഞ്ഞുനിർത്തി കത്തി കൊണ്ട് കുത്തിയും ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല വിധിച്ചു. കതിരൂർ വയൽപീടിക ശ്രീനാരായണ മഠത്തിനു സമീപം കോയ്യോടൻ വീട്ടിൽ പത്മനാഭനെ (55) ആണ് ശിക്ഷിച്ചത്.

പത്മനാഭന്റെ ഭാര്യ ശ്രീജയാണു കൊല്ലപ്പെട്ടത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. തടഞ്ഞു നിർത്തിയെന്നതിന് ഒരു മാസം കഠിന തടവിനും വിധിച്ചു. 2015 ഒക്ടോബർ 6 ന് രാത്രി 10നാണ് സംഭവം. 2008ലാണ് പ്രതി ശ്രീജയെ വിവാഹം കഴിച്ചത്. ഇവർക്ക് 2 പെൺമക്കളുണ്ട്.

അന്നത്തെ കതിരൂർ എസ്ഐ സുരേന്ദ്രൻ കല്യാടൻ റജിസ്റ്റർ ചെയ്ത കേസിൽ കൂത്തുപറമ്പ് സി.ഐയായിരുന്ന കെ.പ്രേംസദൻ ആണ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് 24 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും 26 തൊണ്ടി മുതലുകളും ഹാജരാക്കി. വിചാരണ സമയത്ത് പ്രതിയുടെ അമ്മ, സഹോദരി എന്നിവർ കോടതിയിൽ കൂറുമാറിയിരുന്നു.

സംഭവത്തിൽ പ്രതിയുടെ കൈയ്ക്ക് പറ്റിയ പരുക്ക് പരിശോധിച്ച ഡോ. ഗോപകുമാർ, പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ഗോപാലകൃഷ്ണപിള്ള, സംഭവമറിഞ്ഞു സ്ഥലത്തെത്തിയ അയൽവാസികളായ ടി.കുമാരൻ, ടി.കെ.കുമാരൻ, ഷിജോയ് തുടങ്ങിയവരുടെ മൊഴികൾ കേസിൽ നിർണായകമായി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.ജയറാംദാസ് ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!