പുതുവേഗം; കായിക വിനോദ സഞ്ചാരത്തിന് പുതിയ മാനങ്ങൾ

Share our post

തിരുവനന്തപുരം: കായിക നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ കായിക സമ്പദ്‌ഘടന വികസിപ്പിക്കാനൊരുങ്ങി സർക്കാർ. ഇന്ത്യയിൽ ആദ്യമായാണ് കായികമേഖലയെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുവാനുള്ള ശ്രമം നടക്കുന്നതെന്ന്‌ മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. കായിക താരങ്ങൾക്കും കായികാനുബന്ധ വ്യവസായങ്ങൾക്കും സമൂഹത്തിനും മൊത്തത്തിൽ പ്രയോജനം ചെയ്യുന്ന ഒരു സുസ്ഥിര കായിക ആവാസവ്യവസ്ഥ സൃഷ്ടിക്കാനും കായികരംഗത്തെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്തും. മറ്റ്‌ മേഖലകളുമായും വിഭാഗങ്ങളുമായും കായികരംഗത്തെ സംയോജിപ്പിക്കുന്നതിലൂടെ പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കായിക വിനോദ സഞ്ചാരത്തിന് പുതിയ മാനങ്ങൾ നൽകും.

കമ്യൂണിറ്റി സ്പോർട്സ് എന്ന ആശയം നടപ്പാക്കാൻ ഫിസിക്കൽ ആക്ടിവിറ്റികളും കായിക മത്സരങ്ങളും പ്രചരിപ്പിക്കും. ഫിസിക്കൽ ലിറ്ററസി പ്രായഭേദമന്യേ എല്ലാവർക്കും ലഭ്യമാക്കും. വികേന്ദ്രീകൃത പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ‘പ്രോജക്ട് 1000′-എന്ന പദ്ധതിയിലൂടെ തദേശ സ്ഥാപനങ്ങൾ ഒരു കായിക പദ്ധതിയെങ്കിലും നടപ്പാക്കുകയെന്നത് ഉറപ്പാക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

കായിക നയത്തിലെ 
സുപ്രധാന പ്രഖ്യാപനങ്ങൾ

● പ്രൈമറി തലം മുതൽ സ്പോർട്‌സ്‌ നിർബന്ധമാക്കും.

● കൃത്യമായ കായിക അടിത്തറ രൂപപ്പെടുത്തും.

● സാങ്കേതികവിദ്യകളും ഗവേഷണങ്ങളും നൂതനാശയങ്ങളും സ്വീകരിക്കുകയും കായിക വിനോദ വ്യവസായ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യും.

● സ്പോർട്സ് ടെക്നോളജി, സ്പോർട്‌സ് മാനേജ്മെന്റ്‌ എന്നിവ സ്പോർട്‌സ് സയൻസ് രംഗങ്ങളിലെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകും.

● സ്വകാര്യ സംരംഭകർ, സഹകരണമേഖല, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തിലൂടെ വിവിധ പ്രവർത്തനങ്ങളും പദ്ധതികളും നടപ്പാക്കും.

● കായികോൽപ്പന്ന നിർമാണത്തിലും സാങ്കേതിക വിദ്യയിലും സംസ്ഥാനത്തെ സ്വയം പര്യാപ്‌തമാക്കും

● കായിക മേഖലയിലെ സ്റ്റാർട്ടപ്പുകളെയും നവ സംരംഭകരെയും പ്രോത്സാഹിപ്പിക്കും.

● എൻ.ജി.ഒ.കൾ, സാമൂഹിക സംഘടനകൾ തുടങ്ങിയവയെ കായിക മേഖലയിൽ കൂടുതൽ ഇടപെടാൻ പ്രേരിപ്പിക്കും.

● കായിക മേഖലയിൽ അഞ്ച്‌ വർഷത്തിനകം 10000 തൊഴിൽ സൃഷ്ടിക്കും.

● ഇ –സ്പോർട്‌സ് മേഖലയെ പ്രോത്സാഹിപ്പിക്കും.

● കായിക മേഖലയിൽ കേരളത്തെ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയാക്കി മാറ്റും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!