മൊബൈല്‍ ഫോണ്‍ വിലകുറയും: ഘടക ഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു

മൊബൈല്‍ ഫോണുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഘടക ഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും.
സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ ഉത്പാദന ചെലവ് കുറയ്ക്കുന്നതിനും അയല്‍ രാജ്യങ്ങളായ ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരം നേരിടുന്നതിനും ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കമ്പനികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രീമിയം മൊബൈല്‍ ഫോണുകളുടെ നിര്‍മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആപ്പിള്‍ പോലുള്ള കമ്പനികള്‍ക്ക് തീരുമാനം ഗുണകരമാണ്. ഇന്ത്യയുടെ കയറ്റുമതി സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റില്‍ പ്രീമിയം സെഗ്മെന്റിലെ ഫോണുകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഘടകങ്ങളുടെ 2.5 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കിയിരുന്നു.