ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതിക്ക് 37 വർഷം കഠിനതടവ്

പുനലൂർ: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിവിധ വകുപ്പുകളിലായി പ്രതിക്ക് 37 വർഷം കഠിനതടവും പിഴയും. പത്തനംതിട്ട മലയാലപ്പുഴ ചെങ്ങറ സമരഭൂമിയിൽ വിനീഷ് ഭവനിൽ വിനീഷിനെ(23)യാണ് ശിക്ഷിച്ചത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ഡി.ബൈജുവിന്റേതാണ് വിധി.
പിഴത്തുകയിൽ നിന്ന് 25,000 രൂപ അതിജീവിതയ്ക്കു നൽകാനും വിധിച്ചു. നഷ്ടപരിഹാരമായി അതിജീവിതയ്ക്ക് ഒരുലക്ഷം രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് ശുപാർശ ചെയ്തു.
2018-ലാണ് കേസിനാസ്പദമായ സംഭവം. മലയാലപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പത്തനാപുരം പോലീസിന് കൈമാറി. സംഭവസ്ഥലം പത്തനാപുരം സ്റ്റേഷൻ അതിർത്തിയാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
പത്തനാപുരം എസ്.ഐ. സതീഷ്‌കുമാർ ആരംഭിച്ച അന്വേഷണം ഇൻസ്പെക്ടർ വി.സജികുമാർ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജിത്ത് ഹാജരായി. ശിശുക്ഷേമ സമിതിയിൽ നിന്നുള്ള അഭിഭാഷക അർച്ചന പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.