നിക്ഷേപത്തട്ടിപ്പ്; കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് നിക്ഷേപകർ ഉപരോധിച്ചു

കേളകം: നിക്ഷേപത്തട്ടിപ്പ് നടത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നിക്ഷേപകർ ഉപരോധിച്ചു. കേളകം യൂണിറ്റ് നടത്തിയ ചിട്ടി, ആഴ്ചക്കുറി, ഡെപ്പോസിറ്റുകൾ എന്നിവ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 60-ഓളം ആളുകൾ കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരാൾ കോടതിയിലും പരാതി നൽകിയിട്ടുണ്ട്.
യൂണിറ്റിന്റെ ആസ്തി വിറ്റ് നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് വിൽക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. പണം ലഭിക്കാനുള്ള നിക്ഷേപകർ കഴിഞ്ഞ ദിവസം യോഗം ചേരുകയും തിങ്കളാഴ്ച വ്യാപാരഭവൻ ഓഫീസിന് മുമ്പിൽ സൂചനാ ധർണ സമരം നടത്തുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പ്രത്യക്ഷ സമരവും ജില്ലാ കമ്മിറ്റി മുമ്പാകെ ഉപരോധവും തീർക്കുമെന്നും നിക്ഷേപകർ പറയുന്നു. രണ്ടു കോടിയിലധികം രൂപയാണ് നിക്ഷേപകർക്ക് തിരികെ കിട്ടാനുള്ളത്.
അതേസമയം, കേളകം യൂണിറ്റ് കമ്മിറ്റിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നത്. എന്നാൽ ജില്ലാ കമ്മിറ്റി ആരംഭിച്ച ആർദ്രം പദ്ധതിയിൽ പോലും കേളകത്തെ വ്യാപാരികളെ യൂണിറ്റ് മുഖേന ചേർത്തിട്ടുണ്ടെന്നും തട്ടിപ്പിനിരയായ വ്യാപാരികൾ പറയുന്നു. അതുകൊണ്ടുതന്നെ ജില്ലാ കമ്മിറ്റി മുൻകൈയെടുത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്. കൊച്ചിന്‍ രാജന്‍, നോവാ ജോണ്‍സണ്‍, സുരജ്.എസ്.മോഹനന്‍, അന്നക്കുട്ടി തോമസ്, കെ.പി. ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓഫീസ് ഉപരോധിച്ചത്.