പ്രീപെയ്ഡ് ഓട്ടോ; ആളനക്കമില്ലാതെ ട്രാഫിക് റെഗുലേറ്ററി യോഗം

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകള്‍ പുനരാരംഭിക്കുന്നത് അനന്തമായി നീളുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നടത്താനായില്ല. ക്വാറം തികയാത്തതിനാലാണ് യോഗം ചേരാൻ കഴിയാതിരുന്നത്. യോഗം വേഗത്തിൽ ചേരാൻ ജില്ല കലക്ടര്‍ അരുൺ കെ. വിജയൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസം വികസന സമിതി യോഗത്തിൽ ഇതു ചർച്ചയായിരുന്നു. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ പുനരാരംഭിക്കാനുള്ള വർഷങ്ങളായുള്ള ആവശ്യം നടക്കാത്തതിലായിരുന്നു ചർച്ച. ഓട്ടോ നിരക്ക് നിശ്ചയിക്കാനായി നേരത്തെ ചേർന്ന ആര്.ടി.ഒ, പൊലീസ്, ഓട്ടോ തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
നഗരപരിധിയും നിരക്കും സംബന്ധിച്ച് ഓട്ടോ തൊഴിലാളികൾക്കിടയിൽ എതിർപ്പുള്ളതിനാലാണ് പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ തുറന്നതിന് പിന്നാലെ പൂട്ടിയത്. പുതിയ സാഹചര്യത്തിൽ പഴയ നിരക്കിൽ ഓടാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. നഗരപരിധിയും ചാര്‍ജും സംബന്ധിച്ച് ഓട്ടോ തൊഴിലാളികള്‍ക്ക് എതിര്‍പ്പുള്ളതിനാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തുടങ്ങിയ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തനം നിർത്തിയതിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.
മൂന്ന് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനരാരംഭിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തുകയായിരുന്നു. നഗരപരിധി തീരുമാനിച്ചതുപോലെ ചർച്ചചെയ്ത് ഓട്ടോ ചാർജും നിശ്ചയിച്ചാൽ കൗണ്ടർ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.