പ്രതീക്ഷകൾ കരിഞ്ഞ് കശുവണ്ടി കർഷകർ

കണ്ണൂർ: ഡിസംബറിൽ കാലംതെറ്റിയെത്തിയ മഴ കരിച്ചു കളഞ്ഞത്, കശുവണ്ടി കർഷകരുടെ പ്രതീക്ഷകൾ. കശുമാവിന്റെ പൂക്കൾ വിരിയുന്ന സമയമായിട്ടും, പൂക്കൾ കരിഞ്ഞുണങ്ങിയ കാഴ്ചയാണ് കർഷകർക്ക് കാണേണ്ടി വരുന്നത്. പ്രതീക്ഷിച്ച വിളവിന്റെ പത്ത് ശതമാനം പോലും ഇത്തവണ കർഷകർക്ക് ലഭിക്കില്ല.
തടിതുരപ്പൻ പുഴുവിന്റെ അക്രമവും ഇപ്പോൾ വ്യാപകമാവുകയാണ്. തടി വേരോട് ചേരുന്ന ഭാഗത്ത് ബാധിക്കുന്ന ഈ രോഗം മൂലം കശുമാവ് തന്നെ നശിച്ചു പോവുന്ന അവസ്ഥയാണ്. വാഴയും തെങ്ങും കപ്പയുമെല്ലാം വന്യജീവികൾ പറിച്ചെറിയുന്ന മലയോര മേഖലയിലാണ് കശുമാവ് കൃഷിയും പ്രതിസന്ധിയിലായത്.
ഏഷ്യയിലെ ഏറ്റവും ഗുണമേന്മയുളള കശുഅണ്ടി ലഭിക്കുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടി മേഖലയിലാണ്.
ഈ പ്രദേശങ്ങളിൽ മികച്ച ഇനം കശുമാവുകൾ വ്യാപകമായി നട്ടു വളർത്തിയിരുന്നു. മറ്റു കാർഷിക വിഭവങ്ങൾക്ക് വിലക്കുറവ് നേരിടുമ്പോഴും കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നത് കശുഅണ്ടിയിലൂടെയാണ്. ടൺകണക്കിന് കശുഅണ്ടി വിപണനം നടക്കേണ്ട സമയമായിട്ടും സംഭരണം നടത്താനുള്ള കശുഅണ്ടി എവിടേയും എത്തിയിട്ടില്ല.
സാധാരണ നവംബർ, ഡിസംബർ മാസങ്ങളിൽ പൂക്കുന്ന കശുമാവിൽ നിന്നും ജനുവരി തീരും മുമ്പ് കശുഅണ്ടി വിൽക്കാനാകും. മാർക്കറ്റിൽ സംഭരണ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കും. മഴ മാറി, ഇനി കശുമാവ് പൂത്താലും കർഷകർക്ക് യാതൊരു നേട്ടവുമുണ്ടാകില്ല. കാരണം ഇപ്പോൾ പൂക്കുന്ന പൂക്കുലകൾ വിരിഞ്ഞ് കായ് പിടിക്കുമ്പോഴേക്കും വേനൽ മഴയെത്തും. അതോടെ കശുവണ്ടിക്ക് മാർക്കറ്റ് ഉണ്ടാവില്ല. മഴയിൽ കുതിർന്ന് കേടാവുകയും ചെയ്യും.
ഉടക്കി മലഞ്ചരക്ക് വ്യാപാരികൾ
ഇതിനിടയിലാണ് ഉണക്കിയ കശുഅണ്ടി മാത്രമേ സ്വീകരിക്കൂയെന്ന പ്രഖ്യാപനവുമായി മലഞ്ചരക്ക് വ്യാപാരികൾ രംഗത്തുവന്നത്. കശുവവണ്ടി ശേഖരിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളിലാണ് കർഷകർ വിൽക്കുന്നത്. കൂടുതൽക്കാലം സൂക്ഷിച്ചാൽ തൂക്കം കുറയുകയും കേടായിപ്പോവുകയും ചെയ്യുന്നത് തടയാനാണ് ഉടനെ വിൽപന നടത്തുന്നത്. മാത്രമവുമല്ല കർഷകർക്ക് അവരുടെ നിത്യ ജീവിതം മുന്നോട്ട് നയിക്കുന്നതിന് കശുവവണ്ടി സൂക്ഷിച്ചു വച്ചാൽ സാധിക്കില്ല.
കുരുമുളക് കൊഴിയൽ വ്യാപകം
ഇത്തവണ കുരുമുളക് നന്നായി ഉത്പാദനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് മഴ പെയ്തത്. കുരുമുളക് കൊഴിയൽ വ്യാപകമാണ്. ചില സ്ഥലങ്ങളിൽ കുരുമുളക് ചെടികൾക്ക് മഞ്ഞളിപ്പ് രോഗം കാണുന്നുമുണ്ട്. നല്ല വെയിൽ ലഭിച്ചിരുന്നെങ്കിൽ ഡിസംബർ അവസാനവാരം മുതൽ വിളവെടുപ്പ് ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ഡിസംബറിൽ ഇടവിട്ട് മഴപെയ്തതും വെയിൽ കുറഞ്ഞതും തിരിച്ചടിയായി.
ഡിസംബറിൽ പെയ്ത മഴ കശുവവണ്ടി കർഷകർക്ക് വലിയ തിരിച്ചടിയായി. പൂക്കളെല്ലാം കൊഴിഞ്ഞു പോവുകയാണ്. ഈ സ്ഥിതി തുടർന്നാൽ ഇത്തവണത്തെ കൃഷി പകുതിയും നഷ്ടത്തിലാകും.
പി. മോഹനൻ, കശുവവണ്ടി കർഷകൻ, പരിയാരം