സൗരോര്‍ജം ഉപയോഗിക്കുന്നവരുടെ എണ്ണമേറുന്നു;പക്ഷെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് ബോര്‍ഡിനറിയില്ല

കൊച്ചി: സൗരോർജം ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമ്പോഴും ദിവസേന അതുവഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്ന് വൈദ്യുതി ബോർഡിനറിയില്ല. ഊഹക്കണക്കിലാണ് ‘സൂര്യനെ’ അളക്കുന്നത്. സൗരോർജ കണക്കിനായി സംവിധാനം വേണമെന്ന് വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്റർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു കോടി പുരപ്പുറ സൗരോർജ പദ്ധതി വരുന്നതോടെ സൗരവൈദ്യുതി കണക്ക് നിർണായകമാകും.
കേരളത്തിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ പാനലുകളുടെ സ്ഥാപിത ശേഷിമാത്രമാണ് ബോർഡിന് അറിയാവുന്നത്. ‘സൗര’ പദ്ധതി പ്രകാരം 1.70 ലക്ഷം പേരാണ് പുരപ്പുറ സോളാർ വെച്ചിട്ടുള്ളത്. ഇതിൽ നിന്നു 541 മെഗാവാട്ടാണ് വൈദ്യുതി വിതരണം ചെയ്യുന്ന ഗ്രിഡ് സംവിധാനത്തിലേക്ക് എത്തുന്നത്. ബോർഡിന്റേതുൾപ്പെടെ പ്ലാന്റുകളിലെ വൈദ്യുതികൂടി കണക്കാക്കിയാൽ 960 മെഗാവാട്ടാണ് കേരളത്തിന്റെ സൗരോർജ സ്ഥാപിതശേഷി. ഇതിൽ നിന്ന് ഒരുവർഷം കിട്ടാവുന്ന വൈദ്യുതി 1,387 ദശലക്ഷം യൂണിറ്റാണ്. പലകാരണങ്ങളാൽ ഇതിൽ വ്യതിയാനം ഉണ്ടാകും.
ഓരോ വീട്ടിൽ നിന്നും എത്ര യൂണിറ്റ് സൗരവൈദ്യുതി ഗ്രിഡിലേക്ക് എത്തുന്നു എന്നതിനുള്ള കണക്ക് അതത് വീടുകളിൽ മാത്രമാണ് ഉള്ളത്. മീറ്റർ റീഡർ കണക്കെടുക്കുമ്പോഴേ എത്രയെന്നതിന് കൃത്യത ലഭിക്കൂ. എന്നാൽ, തത്സമയ(റിയൽ ടൈം) കണക്ക് ലഭിച്ചാൽ മാത്രമേ ഒരു ദിവസം സംസ്ഥാനത്ത് എത്ര വൈദ്യുതി വേണമെന്നുള്ള കണക്കിനും കൃത്യതയുണ്ടാകൂ. കേരളം 410 മെഗാവാട്ട് സൗര വൈദ്യുതി പുറമേ നിന്നു വാങ്ങുന്നുണ്ട്. ഇതുമാത്രമാണ് കൃത്യതയുള്ള കണക്ക്.
വൈദ്യുതിക്ഷാമമുള്ള സംസ്ഥാനമായതിനാൽ ഓരോ ദിവസവും ആവശ്യമുള്ള വൈദ്യുതി എത്രയെന്ന് തലേദിവസം തന്നെ കേന്ദ്രത്തെ അറിയിക്കണം. സൗരോർജ പാനലുകൾ വരുന്നതിനു മുമ്പ് ഇതിന് ഏതാണ്ട് കൃത്യമായ കണക്കുണ്ടായിരുന്നു. ഗ്രിഡിലേക്ക് തലേദിവസം നൽകിയ വൈദ്യുതി കണക്കാക്കിയാൽ മതിയായിരുന്നു. എന്നാലിപ്പോൾ സൗരോർജ വൈദ്യുതി വരുന്നതിനാൽ കണക്ക് പാളിപ്പോകുന്നു. തൊട്ടു പിന്നിലെ ആഴ്ചയിൽ ആ ദിവസം എത്ര വൈദ്യുതി ഗ്രിഡിലേക്ക് കൊടുക്കേണ്ടി വന്നു എന്നും തൊട്ടു മുമ്പത്തെ വർഷം ആ ദിവസം എത്ര വൈദ്യുതി വേണ്ടി വന്നു എന്ന കണക്കും പരിശോധിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.