മാർച്ചിനകം പൂർത്തിയാക്കിയില്ലെങ്കിൽ ഫണ്ട് പാഴാകും: റോഡ് നവീകരണം നിലച്ചിട്ട് നാലുമാസം

പേരാവൂർ : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നവീകരിക്കുന്ന കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന്റെ നവീകരണം പാതിവഴിയിൽ നിലച്ചിട്ട് നാലുമാസം. പുതുതായി കലുങ്ക് നിർമിക്കുന്ന സ്ഥലത്തെ വൈദ്യുതത്തൂണുകൾ മാറ്റാനുള്ള കാലതാമസമാണ് നവീകരണം മുടങ്ങാൻ കാരണം.
ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോയാണ് മെയിന്റനൻസ് വിഭഗത്തിലുൾപ്പെടുത്തി 30 ലക്ഷം രൂപ റോഡ് നവീകരണത്തിനനുവദിച്ചത്. പുതുതായി രണ്ട് കലുങ്കും 550 മീറ്റർ റീ ടാറിങ്ങും 500 മീറ്റർ നീളത്തിൽ ഓവുചാലും 300 മീറ്റർ ദൂരം കൊരുപ്പുകട്ട പാകുന്ന പ്രവൃത്തിയുമാണ് പാതിവഴിയിലായത്. ഒരു കലുങ്കിന്റെ പകുതി ഭാഗത്തെ നിർമാണം പൂർത്തിയായപ്പോഴാണ് പ്രശ്‌നം തുടങ്ങുന്നത്.
കലുങ്ക് നിർമിക്കേണ്ട മറുഭാഗത്തെ സ്ഥലത്ത് നിലവിലുള്ള വൈദ്യുതത്തൂണുകൾ മാറ്റാൻ അടങ്കലിൽ തുക വകയിരുത്താത്തതിനാൽ നിർമാണം നിർത്തിവെക്കുകയായിരുന്നു. പേരാവൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിലെ വൈദ്യുതത്തൂൺ മാറ്റിസ്ഥാപിക്കാനുള്ള തുക വകയിരുത്താൻ പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പധികൃതർ വിട്ടുപോയതാണ് നിർമാണം നിലയ്ക്കാൻ കാരണമായത്.
ഇതോടെ കരാറുകാരൻ റോഡിന്റെ പകുതി ഭാഗം മാത്രം കലുങ്ക് നിർമിച്ച് നവീകരണം നിർത്തിവെച്ചു. നിർമാണം നിലച്ചതോടെ പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ സംഭവം പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം ചർച്ച ചെയ്ത് തൂൺ മാറ്റാനാവശ്യമായ നടപടികൾ സ്വീകരിച്ചു. എന്നാൽ, നിർമാണം നിലച്ചിട്ട് മാസങ്ങളായിട്ടും തൂണുകൾ മാറ്റുകയോ കലുങ്ക് നിർമാണം പുനരാരംഭിക്കുകയോ ചെയ്തിട്ടില്ല. നവീകരണം പാതിവഴിയിലായതോടെ റോഡിന്റെ ഗുണഭോക്താക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പേരാവൂർ അഗ്നിരക്ഷാനിലയവും ഈ റോഡിലാണ്. 2022-23 വർഷത്തെ പദ്ധതിയായതിനാൽ ഈ വർഷം മാർച്ചിനുള്ളിൽ നവീകരണം പൂർത്തിയാക്കിയില്ലെങ്കിൽ പദ്ധതിക്കനുവദിച്ച ഫണ്ട് പാഴാവും. കലുങ്ക് നിർമാണത്തിന് പുറമെ റീ ടാറിങ്ങും കൊരുപ്പുകട്ട പാകലും തുടങ്ങിയിട്ടില്ല. ഓവുചാൽ നിർമാണം കഴിഞ്ഞെങ്കിലും സ്ലാബുകൾ ഇടാത്തതിനാൽ അപകടവാസ്ഥയിലാണ്. കലുങ്ക് നിർമാണത്തിനിടെ സമീപത്തെ അങ്കണവാടിയിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം നിലച്ചിട്ടും പരിഹരിച്ചിട്ടില്ല.