55 തീവണ്ടികളുടെ കേരളത്തിലെ താത്കാലിക സ്റ്റോപ്പ് തുടരും

കണ്ണൂർ : കേരളത്തിൽ 55 തീവണ്ടികൾക്ക് ആറ് മാസം പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പ് തുടരും. 21 സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് മുതൽ ആറ് മാസം സ്റ്റോപ്പ് അനുവദിച്ചത്. പരശുറാമിന് ചെറുവത്തൂർ, മലബാറിന് ചാലക്കുടി, കുറ്റിപ്പുറം, ഏറനാടിന് പഴയങ്ങാടി, മാവേലിക്ക്, തിരൂർ, ഹംസഫറിന് കണ്ണൂർ എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഇതിൽപ്പെടും. 2023-ൽ ദക്ഷിണ റെയിൽവേ 197 വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതിൽ പെട്ടതാണ് ഈ സ്റ്റോപ്പുകൾ.
സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിലെ നൂറോളം ചെറു സ്റ്റേഷനുകളിൽ ഇപ്പോഴും പാതിരാ തീവണ്ടികൾ നിർത്തുന്നില്ല. രാത്രി 12നും പുലർച്ചെ നാലിനും ഇടയിൽ നിർത്തിയിരുന്ന ചെറുസ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കാത്തത്. കോവിഡിനുശേഷമാണ് സ്റ്റോപ്പുകൾ കുറച്ചത്. മലബാറിന് ഇരിഞ്ഞാലക്കുട സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റിന് ചെറുവത്തൂർ, കണ്ണപുരം സ്റ്റോപ്പില്ല. തിരുവനന്തപുരം-വരാവൽ (16334) കൊയിലാണ്ടി, വടകര, പയ്യന്നൂർ നിർത്തില്ല. പുണെ-കന്യാകുമാരി (16381) എക്സ്പ്രസിന് വടക്കാഞ്ചേരി, ഇരിഞ്ഞാലക്കുട, ചാലക്കുടി സ്റ്റോപ്പില്ല. അതേസമയം, ഒരു റൂട്ടിൽ നിർത്തുകയും തിരിച്ചുപോകുമ്പോൾ നിർത്താതെയും പോകുന്ന വണ്ടികളുണ്ട്. നിസാമുദ്ദീൻ-എറണാകുളം മംഗളയ്ക്ക് (12618) പ്രധാന സ്റ്റേഷനായ കാഞ്ഞങ്ങാട്, പഴയങ്ങാടി, ഫറോക്ക് സ്റ്റോപ്പുകൾ എടുത്തുകളഞ്ഞു. എന്നാൽ എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്ക് പോകുന്ന വണ്ടി (12617) ഈ സ്റ്റോപ്പുകളിൽ നിർത്തും.