എരഞ്ഞോളിപ്പുഴയോരത്ത് നടപ്പാത ഒരുങ്ങി

Share our post

തലശ്ശേരി : സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി എരഞ്ഞോളിപ്പുഴയോരത്ത് പുഴയോര നടപ്പാത പ്രവർത്തനസജ്ജമായി. എരഞ്ഞോളിപ്പാലത്തിൽനിന്ന് കൊളശ്ശേരിയിലേക്ക് പോകുന്ന റോഡരികിൽ പുഴയോരത്ത് 300 മീറ്റർ ദൂരത്തിലാണ് നടപ്പാത നിർമിച്ചത്.

നടപ്പാതയുടെ സമീപത്തായി ഭക്ഷണശാലയുമുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. നടപ്പാതയിൽ കൊരുപ്പുകട്ട പതിച്ച് സ്റ്റീൽ കൈവരി സ്ഥാപിച്ചു. ഇരിക്കാൻ ബെഞ്ചുകളും അലങ്കാരവിളക്കും ഒരുക്കി. 99.9 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.

ഉദ്ഘാടനം നാളെ

എരഞ്ഞോളിപ്പുഴയോര സൗന്ദര്യവത്കരിച്ചതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ആറിന് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് നിർവഹിക്കും.

സ്പീക്കർ എ.എൻ.ഷംസീർ പങ്കെടുക്കും. മയ്യിൽ കാവിൻമൂല നന്തുടി കലാസംഘം കാവേറ്റം നാടൻപാട്ട് അവതരിപ്പിക്കും. ഭക്ഷണശാല വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങും.

മാലിന്യം തള്ളൽ ഇവിടെയും

സൗന്ദര്യവത്കരണ പ്രവൃത്തി നടക്കുന്ന എരഞ്ഞോളി പുഴയോരത്തും കഴിഞ്ഞദിവസം മാലിന്യം തള്ളി.

കടകളിലെ പ്ലാസ്റ്റിക് മാലിന്യവും ജൈവമാലിന്യവുമുൾപ്പെടെയാണ് അഞ്ച്‌ ചാക്കിൽ കെട്ടി ഇവിടെ തള്ളിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചു.

മാലിന്യം പരിശോധിച്ചതിൽ ചുങ്കത്തെ വ്യാപാരസ്ഥാപനത്തിലെ ബിൽ റസീറ്റ് മാലിന്യത്തിൽനിന്ന് ലഭിച്ചു. പഞ്ചായത്ത് അധികൃതർ ഇടപെട്ട് മാലിന്യം നീക്കാൻ വ്യാപാരിക്ക് നിർദേശം നൽകി.

മാലിന്യം വ്യാപാരി നീക്കി. പിഴയടക്കാൻ വ്യാപാരിക്ക് നോട്ടീസ് നൽകിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.പി.ശ്രീഷ പറഞ്ഞു.

മാലിന്യം തള്ളിയതിന് ഗ്രാമപ്പഞ്ചായത്ത് രണ്ടുമാസത്തിനുള്ളിൽ പലരിൽ നിന്നായി രണ്ടുലക്ഷം രൂപ പിഴയീടാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!