പേരാവൂരിലെ ഡോ. അമർ രാമചന്ദ്രന്റെ ‘ റൂട്ട് നമ്പർ 17’ നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ

കണ്ണൂർ: പേരാവൂരിലെ പ്രമുഖ ഡോക്ടർ അമർ രാമചന്ദ്രൻ നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ‘ റൂട്ട് നമ്പർ 17’ നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങും. ഡോ: അമർ രാമചന്ദ്രൻ ശ്രദ്ധേയമായ വേഷം ചെയ്യുന്ന ചിത്രത്തിൽ മകൻ നിഹാല്‍ അമറും അഭിനയിച്ചിട്ടുണ്ട്.
അഭിലാഷ് ജി. ദേവനാണ് സംവിധാനം. ഡിസംബർ 29 ന് തമിഴ്‌നാട്ടിൽ റിലീസായ സിനിമ മികച്ച അഭിപ്രായം നേടിയിരുന്നു.ബുധനാഴ്ച കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയിൽ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. ജിതൻ രമേശ് നായകനായ ചിത്രം സത്യമംഗലം കാട്ടിലെ നിഗൂഢമായ ഒരു പാതയും അവിടെ എത്തിച്ചേരുന്ന ചില മനുഷ്യരുടെയും കഥ പറയുന്നു. അഭിലാഷ് ജി ദേവന്റെ സംവിധാനവും ശക്തമായ പ്രകടനവും സാങ്കേതിക വൈദഗ്ധ്യവും സസ്പെൻസിന് അതീതമായ ഒരു സിനിമാറ്റിക് അനുഭവമാണ് സൃഷ്ടിക്കുന്നത്. ഹരീഷ് പേരടി വില്ലനായി എത്തുന്നു.
അഖില്‍ പ്രഭാകര്‍, മാസ്റ്റര്‍ നിഹാല്‍ അമര്‍, അഞ്ജു പാണ്ഡ്യ, ജന്നിഫര്‍ മാത്യു, ടൈറ്റസ് എബ്രഹാം, ഫ്രോളിക്ക് ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് പ്രണവാണ്.ഔസേപ്പച്ചന്‍ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍, ഒഫ്രോ, റിത ത്യാഗരാജന്‍ എന്നിവരാണ്. തീർത്തും അപകടകരമായ ഒരു നിരോധിത പാതയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന “റൂട്ട് നമ്പർ 17” സത്യമംഗലം വനത്തിനുള്ളിലെ ഇരുണ്ടതും അശുഭകരവുമായ ശക്തികളെ വെളിപ്പെടുത്തുന്ന ചിത്രം കൂടിയാണ്. പൂർണ്ണമായും തിയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ഈ സസ്പെൻസ് ത്രില്ലര്‍ തമിഴ് സിനിമയുടെ മിസ്റ്ററി വിഭാഗത്തിൽ പ്രശംസനീയമായ ഒരു കൂട്ടിച്ചേർക്കലായി മാറിയിരിക്കുകയാണ്.
എഡിറ്റിംഗ്- അഖിലേഷ് മോഹന്‍, ആര്‍ട്ട്- മുരളി ബേപ്പൂര്‍, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്- അനില്‍ കോട്ടുളി, സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ്-എം.ആര്‍. രാജകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി- ജാക്കി ജോണ്‍സണ്‍, ഡാന്‍സ് കൊറിയോഗ്രഫി- സജ്‌ന നജം, റജീഷ്, ഫ്രോളിക് ജോര്‍ജ്; ക്രിയേറ്റീവ് ഡയറക്ടര്‍-ജയശങ്കര്‍, സ്റ്റില്‍സ്- ജയന്‍ തില്ലങ്കേരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.