ഭക്തജനത്തിരക്കിൽ വയത്തൂർ ഊട്ടുത്സവം

ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് തിരക്കേറി. നൂറുകണക്കിന് പേരാണ് കുടകിൽ നിന്ന് എത്തുന്നത്. മിക്കവരും കുംടുംബസമേതം എത്തി ക്ഷേത്രത്തിനടുത്തുള്ള കുടക് ഹാളിൽ താമസിച്ചാണ് ഉത്സവത്തിൽ പങ്കുചേരുന്നത്.
ക്ഷേത്രത്തിലെത്തുന്നവർക്ക് രണ്ടു നേരവും വിഭവസമൃദ്ധമായ ഊട്ട് നൽകുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
സാംസ്കാരിക സമ്മേളനം വിരാജ്പേട്ട എം.എൽ.എ. എ.എസ്.പൊന്നണ്ണ ഉദ്ഘാടനം ചെയ്തു. ബി.ദിവാകരൻ അധ്യക്ഷനായി. സജീവ് ജോസഫ് എം.എൽ.എ. വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, കെ.വി.ഗോപാലൻ, പ്രദീപ് കുമാർ, സി.കെ.സതീശൻ, രഞ്ജൻ ദേവയ്യ, എ.കെ.മനോജ് എന്നിവർ സംസാരിച്ചു.
പത്താംദിനമായ ബുധനാഴ്ച രാവിലെ വിവിധ മഠങ്ങളിൽ നിന്നുള്ള നെയ്യമൃത് സംഘങ്ങൾ ക്ഷേത്രത്തിലെത്തും. ഉച്ചയ്ക്ക് ആനപ്പുറത്ത് എഴുന്നള്ളത്തും തിടമ്പുനൃത്തവുമുണ്ടാകും. വൈകീട്ട് 6.30-ന് പടിയൂർ ദേശവാസികളുടെ ഓമനക്കാഴ്ച ക്ഷേത്രത്തിലെത്തും.
താലപ്പൊലി ഘോഷയാത്ര രാത്രി എട്ടിന് ഉളിക്കൽ എസ്.എൻ.ഡി.പി. ഗുരുമന്ദിരത്തിൽ നിന്ന് പുറപ്പെടും. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അകമ്പടിയുണ്ടാകും. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളുമുണ്ടാകും.
രാത്രി ഏഴ് മുതൽ നൃത്തനൃത്യങ്ങൾ, ഫ്യൂഷൻ ഡാൻസ്, ഓംകാരനാഥൻ നൃത്തസംഗീത നാടകം എന്നിവ നടക്കും.
ക്ഷേത്രത്തിൽ നെയ് പായസം, തിരുവപ്പം, സ്പെഷൽ കിറ്റ് എന്നിവ നൽകുന്നതിന് പ്രത്യേകം കൗണ്ടർ ഒരുക്കിയതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ഒ.വി.രാജൻ പറഞ്ഞു.
വയത്തൂരപ്പന്റെ നെയ്യമൃത് എഴുന്നള്ളിപ്പ്
ഇരിക്കൂർ : വയത്തൂർ കാലിയാർ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായ നെയ്യാട്ടത്തിനുള്ള നെയ്യുമായി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ മഠങ്ങളിൽ നിന്ന് നെയ്യമൃത് എഴുന്നള്ളിപ്പ് ബുധനാഴ്ച രാവിലെ ആരംഭിക്കും.
പടിയൂർ, ഊരത്തൂർ, പെരുമണ്ണ്, പരിക്കളം, ഇടക്കാനം തുടങ്ങി പത്തോളം മഠങ്ങളിൽ നിന്നാണ് വ്രതക്കാർ നെയ്യുമായി വയത്തൂരപ്പന്റെ തിരുസന്നിധിയിൽ ബുധനാഴ്ച എട്ടുമണിയോടെ എത്തുന്നത്. വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് നെയ്യാട്ടം. തുടർന്ന് നെയ്യമൃത് വ്രതക്കാർക്കും പരിവാരങ്ങൾക്കും അടിയിലൂണ് നൽകും.
ചടങ്ങ് പൂർത്തിയാകുന്നതോടെ വ്രതക്കാർ അതത് മഠങ്ങളിലേക്ക് മടങ്ങും.