സ്‌കൂൾ ഏകീകരണം ഡി.എൽ.എഡിന്റെ ആയുസ്സ് കുറയ്ക്കും; പ്രൈമറി അധ്യാപകരാവാന്‍ ബിരുദം യോഗ്യതയാവും

സംസ്ഥാനത്ത് സ്‌കൂൾ ഏകീകരണം നിലവിൽ വരുമ്പോൾ പ്രൈമറി അധ്യാപക പരിശീലന കോഴ്‌സായ ഡി.എൽ.എഡിന്റെ ആയുസ്സ് കുറയും. ഏകീകരണത്തിന്റെ കരട് റിപ്പോർട്ടിലെ പരാമർശങ്ങൾ യാഥാർഥ്യമായാൽ 2030-ന് ശേഷം ഈ കോഴ്‌സ് കൊണ്ട് പ്രയോജനമുണ്ടാവില്ല. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിപ്പിക്കാൻ 2030-ന് ശേഷം ബിരുദം നിർബന്ധമാക്കുന്നതാണ് ശുപാർശ.ടി.ടി.സി. എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഡി.എൽ.എഡ്. കോഴ്‌സിന് ചേരാനുള്ള യോഗ്യത പ്ലസ്ടു ആണ്.
അധ്യാപക ജോലി ആഗ്രഹിക്കുന്നവർക്കുമുന്നിൽ ഉണ്ടായിരുന്നത് രണ്ട് അവസരങ്ങളായിരുന്നു. ഡി.എൽ.എഡും ബി.എഡും. ബിരുദം കഴിഞ്ഞവരാണ് ബി.എഡ്. കോഴ്‌സിന് ചേരുക. ബി.എഡ്. കോഴ്‌സുകൾ സർവകലാശാലകൾക്ക് കീഴിലും ഡി.എൽ.എഡ്. കോഴ്‌സുകൾ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുമാണ് നടന്നുവന്നത്. ഏകീകരണം നടപ്പാവുമ്പോൾ മുതൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിലെ അധ്യാപകരുടെ നിയമനയോഗ്യത ബിരുദമായിരിക്കും. എന്നാൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ പഠിപ്പിക്കാൻ 2030 ജൂൺ ആറുവരെ ഡി.എൽ.എഡ്.തന്നെ യോഗ്യതയായി നിലനിർത്തിയിട്ടുണ്ട്.
റിപ്പോർട്ട് സർക്കാർ അംഗീകരിക്കുമ്പോഴാണ് ഏകീകരണം നടപ്പാവുക. ബിരുദംകഴിഞ്ഞ് ബി.എഡുമായി അധ്യാപക ജോലിക്കെത്തിയെങ്കിൽ മാത്രമേ സ്ഥാനക്കയറ്റത്തിനും സാധ്യതയുള്ളൂ. എട്ടാംക്ലാസ് മുതൽ 12 വരെ അധ്യാപക നിയമനത്തിന് ബിരുദാനന്തര ബിരുദമാണ് വേണ്ടത്. ഏഴുവരെയുള്ള ക്ലാസുകളിൽ അധ്യാപകരാവുന്ന ബിരുദധാരികളിൽ ബിരുദാനന്തരബിരുദമുള്ളവർക്കാണ് സ്ഥാനക്കയറ്റ സാധ്യതയുള്ളത്.
102 സ്ഥാപനങ്ങൾ; പ്രതിവർഷം 4000 കുട്ടികൾ
നാലായിരത്തോളം കുട്ടികളാണ് സംസ്ഥാനത്ത് പ്രതിവർഷം ഡി.എൽ.എഡ്. പഠിച്ചിറങ്ങുന്നത്. 102 സ്ഥാപനങ്ങളാണുള്ളത്. ഇതിൽ 77 എണ്ണവും എയ്ഡഡ് മേഖലയിലാണ്. ഈ സ്ഥാപനങ്ങൾ ബി.എഡ്. കോഴ്‌സുകൾ നടത്തുന്നതിലേക്ക് മാറേണ്ടിവരും. ഡി.എൽ.എഡ്. സ്ഥാപനങ്ങളെക്കുറിച്ച് സ്‌കൂൾ ഏകീകരണത്തിന്റെ കരടുറിപ്പോർട്ടിൽ പരാമർശം ഒന്നുമില്ല.
നാലുവർഷ ബി.എഡിന് പ്രിയമേറും
പ്ലസ്ടു കഴിഞ്ഞാൽ നാലുവർഷംകൊണ്ട് ബിരുദവും ബി.എഡും കിട്ടുന്ന കോഴ്‌സാണ് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്നത്. പ്രീപ്രൈമറി മുതൽ രണ്ടാംക്ലാസ് വരെയുള്ളവർക്ക് ഫൗണ്ടേഷണൽ, മൂന്ന്, നാല്, അഞ്ച് ക്ലാസുകൾക്ക് പ്രിപ്പറേറ്ററി, ആറ് ,എഴ്,എട്ട് ക്ലാസുകൾക്ക് മിഡിൽ, ഒമ്പതുമുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെയാണ് നാലുവർഷ ബി.എഡ്. വരുക. കേരളത്തിലെ സർവകലാശാലകൾ ഇത് തുടങ്ങിയിട്ടില്ല. കാസർകോട് കേന്ദ്ര സർവകലാശാല കാമ്പസിലും കോഴിക്കോട് എൻ.ഐ.ടി.യിലുമാണ് ഇപ്പോഴുള്ളത്.