ആര്‍.സി.യും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ കോടതി കയറേണ്ടിവരും

Share our post

സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹനരേഖകളില്‍ മൊബൈല്‍നമ്പര്‍ കൃത്യമല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. വാഹന ഉടമകള്‍ക്കുതന്നെയാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിയമലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും സമയത്ത് അറിയാതെ ഉടമ ഒടുവില്‍ കോടതി കയറേണ്ടിവരും.

ചിലര്‍ ഫോണ്‍ നമ്പര്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബന്ധിപ്പിക്കാത്തതാണെങ്കില്‍ ചിലരുടെ നമ്പര്‍ തെറ്റി നല്‍കിയതാണ് പ്രശ്‌നം. എ.ഐ. ക്യാമറകളും ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഇ-ചലാന്‍ മുഖാന്തരമുള്ള പിഴയുടെ സന്ദേശം ഇതോടെ, ഉടമയ്ക്ക് കിട്ടാതെപോകുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനങ്ങള്‍ക്കായി പോകുമ്പോഴായിരിക്കും പിഴചുമത്തിയെന്നത് ഉടമകള്‍ അറിയുന്നത്.

പിഴചുമത്തിയാല്‍ മൂന്നുമാസക്കാലമാണ് ഓണ്‍ലൈനായി പിഴയടയ്ക്കാവുന്നത്. അതിനുശേഷം കേസുകള്‍ക്ക് ഓണ്‍ലൈനായി തീര്‍പ്പുകല്പിക്കുന്ന വെര്‍ച്വല്‍ കോടതിയിലേക്ക് കേസ് മാറ്റും. പിന്നെ കോടതിനടപടി കഴിഞ്ഞേ പിഴ തീര്‍ക്കാനാകൂ. വാഹനം വില്‍ക്കുക, ഈടു നല്‍കി വായ്പയെടുക്കാന്‍ ശ്രമിക്കുക, കാലാവധികഴിഞ്ഞ് ടെസ്റ്റിന് കൊണ്ടുപോകുക, മോട്ടോര്‍വാഹനവകുപ്പില്‍ മറ്റു സേവനങ്ങള്‍ക്കായി സമീപിക്കുക തുടങ്ങിയ അവസരങ്ങളിലാണ് ഉടമ വെട്ടിലാകുന്നത്.

അപ്പോഴേക്കും ഓണ്‍ലൈനില്‍ പിഴയടയ്ക്കാനുള്ള സമയം കഴിഞ്ഞിരിക്കും. പിന്നീട് കോടതിനടപടി പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ. പഴയവാഹനങ്ങളിലാണ് ഈ പ്രശ്‌നം കൂടുതലുള്ളത്. പുതിയവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ നമ്പര്‍ ബന്ധിപ്പിക്കുന്നുണ്ട്.

നിയമലംഘനത്തിനുള്ള ചലാന്‍ അയക്കാന്‍ മോട്ടോര്‍വാഹനവകുപ്പില്‍ നിന്ന് കാലതാമസം വരുത്തുന്നതും ഉടമകള്‍ക്ക് പ്രശ്‌നമാകുന്നുണ്ട്. മൂന്നുമാസം പൂര്‍ത്തിയായശേഷം ചലാന്‍ ലഭിച്ചാല്‍ വെര്‍ച്വല്‍ കോടതിവഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിവരുന്നതായും പരാതികളുണ്ട്. 2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ 74.32 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തിയെങ്കിലും 21.03 ലക്ഷത്തിനുമാത്രമാണ് ചലാന്‍ തയ്യാറാക്കിയിട്ടുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!