കാത്തിരുന്നത് 50 വയസുവരെ, ഒടുവിൽ ആഗ്രഹസാധ്യം; ഇതാ നാലുചക്രത്തിൽ ഒരു ബുള്ളറ്റ് സുവിശേഷം

Share our post

കണ്ണൂർ: ഇടതുകാലിന് ചലനശേഷിയില്ലെങ്കിലും കുര്യൻ ഈപ്പന്റെ കുട്ടിക്കാലത്തേയുള്ള ആഗ്രഹമായിരുന്നു ബുള്ളറ്റ് ഓടിക്കൽ. പറഞ്ഞാൽ മറ്റുള്ളവർ കളിയാക്കിയാലോ. അതുകൊണ്ട് ആരോടും മിണ്ടിയില്ല. സുവിശേഷകനായപ്പോഴും അതിനായി അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. മനസ്സിലടക്കിയിരുന്ന കുര്യന്റെ ആഗ്രഹം ഒടുവിൽ ബുള്ളറ്റിന്റെ പുറത്തുകയറി. ഇപ്പോൾ അദ്ദേഹം ബുള്ളറ്റിൽ റോഡിലൂടെ ചീറിപ്പായുകയാണ്, അൻപതാം വയസ്സിൽ.

ബുള്ളറ്റ് രൂപമാറ്റംവരുത്തി ഓടിക്കുന്നയാളുടെ ചിത്രം സാമൂഹികമാധ്യമത്തിൽ കണ്ടു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കോഴിക്കോട്ടെ ഒരു വർക്‌ഷോപ്പിൽ ബുള്ളറ്റ് അനുയോജ്യമായി മാറ്റംവരുത്തിക്കൊടുക്കുമെന്ന് കണ്ടെത്തിയത്‌. ബുള്ളറ്റിന്റെ പിറകിലെ ചക്രത്തിന്റെ ഇരുവശങ്ങളിലുമായി സ്‌കൂട്ടറിന്റെ ചക്രങ്ങൾ ഘടിപ്പിച്ചു. വലതുവശത്ത് പെട്രോൾപമ്പിനോട് ചേർന്ന് ഗിയർ സ്ഥാപിച്ചു.

മുന്നിലെയും പിന്നിലെയും ബ്രേക്ക് വലതുവശത്ത് ഒരുമിച്ച് നിയന്ത്രിക്കാവുന്ന തരത്തിലാക്കി. വലതു ഹാൻഡ്‌ലിനോട് ചേർന്നാണ് ഇതിന്റെ നിയന്ത്രണം. 25,000 രൂപ മാത്രമാണ് ഇതിനായി ചെലവായത്. മാറ്റം വരുത്തിയതിന് മോട്ടോർവാഹനവകുപ്പിന്റെ അംഗീകാരവും നേടി. മൂന്നുമാസമായി കുര്യൻ ബുള്ളറ്റുമായി റോഡിലുണ്ട്. ഈ ബുള്ളറ്റോടിച്ച് കോഴിക്കോട് വരെ പോയിട്ടുണ്ട്.

ഇടുക്കി കൊച്ചിറ സ്വദേശിയായ ഇദ്ദേഹം ആയിക്കരയിലാണ് താമസിക്കുന്നത്. നഗരവും പത്ത് കിലോമീറ്റർ ചുറ്റളവിലെ പ്രദേശങ്ങളുമാണ് പ്രവർത്തനമേഖല. ഭാര്യ ബിൻസിക്കൊപ്പം ഇടുക്കിയിലേക്കൊരു യാത്രയാണ് കുര്യന്റെ മനസ്സിൽ. താമസിയാതെ അത് നടക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. മൂത്തമകൾ ഹക്‌സ നഴ്‌സിങ് വിദ്യാർഥിയാണ്. രണ്ടാമത്തെ മകൾ എഫ്‌സിബ കോളേജ്‌ വിദ്യാർഥിയും ഇളയമക്കളായ നെഹ്‌മിയും കൻബെസലേലും സ്‌കൂൾ വിദ്യാർഥികളുമാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!