11 ദിവസത്തെ കഠിനവ്രതം അവസാനിപ്പിച്ചു; നിലത്തുകിടന്ന് രാമവിഗ്രഹത്തെ വണങ്ങി നരേന്ദ്ര മോദി

അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 11ദിവസമായി അനുഷ്ഠിച്ചുപോന്നിരുന്ന കഠിന വ്രതാനുഷ്ഠാനങ്ങള്‍ക്കുകൂടിയാണ് അവസാനമായത്. പാല്‍കൊണ്ട് ഉണ്ടാക്കിയ മധുരപാനീയം ചരണാമൃത്, ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രധാനമന്ത്രിയ്ക്ക് നല്‍കി. ഇത് കഴിച്ചശേഷമാണ് അദ്ദേഹം വ്രതം അവസാനിപ്പിച്ചത്.
11 ദിവസത്തെ വ്രതാനുഷ്ഠാനം വിജയകരമായി പൂര്‍ത്തീകരിച്ച മോദിയെ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രശംസിച്ചു. ജനുവരി 12-ന് യൂട്യൂബ് ചാനലിലൂടെയാണ് 11 ദിവസത്തെ ആചാരനുഷ്ഠാനങ്ങള്‍ക്ക് തുടക്കംക്കുറിക്കുന്നതായി മോദി അറിയിച്ചത്. ചരിത്രപരവും മംഗളകരവുമായ ചടങ്ങിന് സാക്ഷിയാകാന്‍ തനിയ്ക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് മുന്നോടിയായി വേദങ്ങളിലും യോഗസൂത്രങ്ങളിലും നിഷ്‌കര്‍ഷിച്ചിരിക്കുന്ന യമ നിയമങ്ങള്‍ പ്രധാനമന്ത്രി കണിശ്ശമായി പാലിക്കുകയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരുന്നു. പതിനൊന്ന് ദിവസം തുടരുന്ന വ്രതാനുഷ്ഠാനങ്ങളില്‍ നിലത്ത് കിടന്നുറങ്ങുന്നതും ശരീരം വിഷമുക്തമാക്കുന്നതും ഉള്‍പ്പെട്ടിരുന്നു. ഒരു പുതപ്പ് മാത്രമാണ് പ്രധാനമന്ത്രി നിലത്ത് കിടന്നുറങ്ങാനുപയോഗിക്കുന്നതെന്നും ഇളനീര്‍ മാത്രമാണ് അദ്ദേഹം കുടിയ്ക്കുന്നതെന്നും പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ നരേന്ദ്ര മോദി നിലത്തുക്കിടന്ന് രാമവിഗ്രഹത്തെ വണങ്ങി. രാജ്യത്തിനക്കും പുറത്തും നിന്നുള്ള പ്രമുഖര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.