അയോധ്യ രാമമന്ത്ര മുഖരിതം, പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർണം; നേതൃത്വം നൽകി പ്രധാനമന്ത്രി

അയോധ്യ: രാമമന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ രാജ്യത്തെ പൗരപ്രമുഖരെ സാക്ഷിനിർത്തി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണം. പ്രാർഥനാനിർഭരമായ ചടങ്ങുകൾക്കൊടുവിൽ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ പൂർത്തിയായി. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. ഇതിനു പിന്നാലെ വായുസേനയുടെ ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി. ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ആർ.എസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഗർഭഗൃഹത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതൻ.
കനത്ത സുരക്ഷാവലയത്തിനുള്ളിലും അയോധ്യയിലെങ്ങും ഉത്സവാന്തരീക്ഷമായിരുന്നു. പൂക്കളാലും വർണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികൾ അരങ്ങേറി. ഇന്നു പുലർച്ചെ മുതൽ ആഘോഷങ്ങളാണ്. ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഭക്തരെ പ്രവേശിപ്പിച്ചില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവർക്കും മാധ്യമങ്ങൾക്കും മാത്രമായിരുന്നു പ്രവേശനം.
ഇനി ഒരു മണിക്ക് ക്ഷേത്രപരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയിൽ മോദി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേർ തില ക്ഷേത്രദർശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണ് പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്നത്.