ഇരിട്ടിയിൽ സൗരോർജ തെരുവു വിളക്കുകൾ പുനഃസ്ഥാപിക്കും

ഇരിട്ടി: കെ.എസ്.ടി.പി റോഡ് വികസന പദ്ധതിയിൽ സ്ഥാപിച്ച സൗരോർജ തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കാൻ വഴിയൊരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒ.പി.ബി.ആർ.സി) പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കാനാവുമെന്ന് എക്സി. എൻജിനീയർ അറിയിച്ചു.
സോളാർ വിളക്കുകൾ കണ്ണടച്ച വിഷയത്തിൽ നവംബർ 22ന് ഇരിട്ടിയിൽ നടന്ന മണ്ഡലം നവകേരള സദസ്സിൽ ഒട്ടേറെ പരാതികളും നിവേദനങ്ങളും ലഭിച്ചിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് ചീഫ് എൻജിനീയറുടെ നിർദേശത്തിൽ പദ്ധതി പുനഃസ്ഥാപിക്കാനുള്ള നിർദേശമുണ്ടായത്. ഒ.പി.ബി.ആർ.സിയിൽതെരുവുവിളക്ക് നവീകരണ പദ്ധതിക്ക് അനുമതിയും ഫണ്ടും ലഭ്യമാക്കുന്നതോടെഏറെക്കാലമായി പ്രവർത്തനരഹിതമായ വിളക്കുകൾ പ്രകാശിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജനപ്രതിനിധികളും. 999 സൗരവിളക്കുകളാണ് തലശ്ശേരി- വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണ പദ്ധതി ഭാഗമായി 53 കിലോമീറ്റർ ദൂരമുള്ള പാതയിൽ സ്ഥാപിച്ചത്. ഒമ്പത് കോടി രൂപയുടേതാണ് പദ്ധതി. കളറോഡ് മുതൽ കൂട്ടുപുഴ വളവുപാറ വരെയുള്ള വിളക്കുകളിൽ ഭൂരിഭാഗവും സ്ഥാപിച്ച് ഒരു മാസം കഴിയുമ്പോഴേക്കും കണ്ണടച്ചു. കെ.എസ്.ടി.പിയുടെ പരിപാലന കാലാവധി കഴിഞ്ഞതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് അവർ ഒഴിഞ്ഞു.
ഇരിട്ടി ടൗണിലെ പൊട്ടി വീഴുന്ന ബാറ്ററിപ്പെട്ടികൾ നീക്കി. നേരത്തെ സ്ഥാപിച്ച സൗരോർജ വിളക്കുകാലുകളിലെ കനമേറിയ ബാറ്ററിപ്പെട്ടികൾ തുരുമ്പെടുത്ത് യാത്രക്കാരുടെയും വാഹനങ്ങളുടെയും മേൽ വീഴുന്ന അപകടാവസ്ഥ പരിഹരിച്ചിട്ടുണ്ട്. അപകടാവസ്ഥയിലുള്ള ബാറ്ററിപ്പെട്ടികളെല്ലാം നവകേരള സദസ്സ് പരാതികളെ തുടർന്ന് അഴിച്ചുമാറ്റി. നേരത്തെ പല തൂണുകളിൽ നിന്നും ബാറ്ററിപ്പെട്ടികൾ പൊട്ടിവീണിരുന്നു.