അയോധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാരം വില്‍പനയ്ക്ക്; ആമസോണിന് നോട്ടീസയച്ച് കേന്ദ്രം

Share our post

ന്യൂഡെല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് മധുരം വില്‍പന നടത്തിയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സിന്റെ (സി.എ.ഐ.ടി.) പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്ഘാടനമോ ആരാധനയോ തുടങ്ങിയിട്ടില്ലാത്ത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ പ്രസാദ വില്‍പന നടത്തുന്നത് വിശ്വാസികളോട് ചെയ്യുന്ന ചതിയാണ് എന്ന് സി.എ.ഐ.ടി ആരോപിച്ചു.

ഉത്പന്നത്തിന്റെ യഥാര്‍ഥ സവിശേഷതകള്‍ മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി ഉപഭോക്താവിനെ പറ്റിക്കുന്നത് നിയമവിരുദ്ധമാണെന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ.) വ്യക്തമാക്കി. ഉപഭോക്താവ് വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു സാധനത്തിന് ഭക്തി അടക്കമുള്ള മാനങ്ങള്‍ നല്‍കി വാങ്ങാന്‍ പ്രേരിപ്പിക്കുന്നത് 2019-ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണെന്നും സി.സി.പി.എ. നോട്ടീസില്‍ പറയുന്നു.

ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയലിന് സി.എ.ഐ.ടി അംഗം പ്രവീണ്‍ ഖന്‍ഡേല്‍വാള്‍ എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാമന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് ആമസോണില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നു എന്ന് പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനടപടികള്‍ ഉണ്ടാവില്ലെങ്കിലും നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ഇത്തരത്തിലുള്ള നാല് ഭക്ഷണപദാര്‍ത്ഥങ്ങളാണ് സി.സി.പി.എ. ആമസോണില്‍ നിന്ന് കണ്ടെത്തിയത്. ഇതില്‍ മൂന്ന് മധുരപലഹാരങ്ങളും ‘അയോധ്യാ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദം’ എന്ന ലേബലോടെയാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. അയോധ്യയിലെ പ്രസാദങ്ങളില്‍ ഒന്ന് എന്ന നിലയിലാണ് നാലാമത്തെ ഉത്പന്നം വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.

‘ഉപഭോക്താക്കള്‍ മിക്കപ്പോഴും ഉത്പന്നത്തെ സംബന്ധിച്ച വിവരങ്ങള്‍ മുഴുവനായും വായിച്ചുകൊള്ളണമെന്നില്ല. ക്യാപ്ഷന്‍ മാത്രം വായിച്ചായിരിക്കും മിക്കപ്പോഴും സാധനം വാങ്ങുക. അങ്ങനെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധമുള്ള ക്യാപ്ഷനുകള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണ്’, – സി.സി.പി.എ. ചീഫ് കമ്മീഷണറും കണ്‍സ്യൂമര്‍ അഫയേഴ്‌സ് യൂണിയന്‍ സെക്രട്ടറിയുമായ രോഹിത് കുമാര്‍ സിങ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!