തലശ്ശേരി – മാഹി ബൈപാസ് ഉദ്ഘാടനം; പ്രധാനമന്ത്രി എത്തുമോ? ഒരുക്കം തകൃതി

കണ്ണൂർ : ദേശീയപാതയുടെ തലശ്ശേരി – മാഹി ബൈപാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബാലത്തെ പാലം പണി പൂർത്തിയായി. റോഡിൽ ട്രാഫിക് മാർക്കിങ് ചെയ്യുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. പാലത്തിന്റെ അടിഭാഗത്തെ പെയിന്റിങ് ജോലികളും നടക്കുന്നു. അഴിയൂരിലെ റെയിൽവേ മേൽപാലത്തിൽ മുഴുവൻ ഗർഡറുകളും സ്ഥാപിച്ചു കഴിഞ്ഞു. ഇവയ്ക്കു മുകളിൽ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഒരു ഗർഡറിന്റെ നീളത്തിലുള്ള ഭാഗത്തു മാത്രമാണ് ഇനി കോൺക്രീറ്റ് ചെയ്യാനുള്ളത്. രണ്ടാഴ്ചയ്ക്കകം ഇതും ഇതിനു മുകളിലെ ടാറിങ്ങും പൂർത്തിയാകും.
മേൽപാലത്തിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും അതിവേഗം പുരോഗമിക്കുകയാണ്. തർക്കമുണ്ടായിരുന്ന ചില ഭാഗങ്ങളിൽ ബാക്കിയുണ്ടായിരുന്ന സർവീസ് റോഡുകളുടെ നിർമാണവും തകൃതി. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനുള്ള സാധ്യതയുണ്ടെന്ന സൂചനയാണ് ദേശീയപാത വിഭാഗത്തിൽ നിന്നു ലഭിക്കുന്നത്. ഫെബ്രുവരി 5ന് ഉദ്ഘാടനം ചെയ്യാവുന്ന തരത്തിൽ, പ്രവൃത്തികൾ അതിനു മുൻപേ തീർക്കാനാണ് നൽകിയിരിക്കുന്ന നിർദേശം.
പ്രധാനമന്ത്രി നേരിട്ട് എത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഇവർ പറയുന്നു. രാജ്യത്തെ മറ്റു ചില പദ്ധതികൾക്കൊപ്പം ഈ ബൈപാസിന്റെ ഉദ്ഘാടനവും നിർവഹിക്കുന്ന തരത്തിൽ ഉദ്ഘാടനം ക്രമീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.നാലരപ്പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദേശീയപാതയിൽ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് വഴി തുറക്കുന്നത്. ദേശീയപാത ബൈപാസിനായി 1977ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്.
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപാസ്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്.