പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് : ചുട്ടാട് ബീച്ചിൽ മാലിന്യ കൂമ്പാരം

കണ്ണൂർ: ചുട്ടാട് ബീച്ചിൽ നിന്നും മാലിന്യ കൂമ്പാരം കൂട്ടിയിട്ട നിലയിൽ കണ്ടെത്തി.ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വലിയ തോതിൽ പ്ലാസ്റ്റിക്ക് അജൈവ മാലിന്യങ്ങൾ കണ്ടെത്തിയത്. പാർക്ക് നടത്തിപ്പുകാരന് 30000 രൂപ പിഴയും ചുമത്തി.
പുഴയിലേക്ക് മാലിന്യം തള്ളിയതിനും ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനുമാണ് ഡി.ടി.പി.സിയുടെ പാർക്ക് നടത്തിപ്പുകാരന് പിഴ ചുമത്തിയത്. പ്ളാസ്റ്റിക് കവറുകൾ, തെർമോകോൾ, തുണികൾ, പ്ളാസ്റ്റിക്ക് ബോട്ടിലുകൾ തുടങ്ങിയവയോടൊപ്പം ജൈവ മാലിന്യങ്ങളും കൂട്ടിക്കലർത്തിയ രീതിയിലാണ് കണ്ടെത്തിയതെന്ന് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് ജലാശയം മലിനീകരിച്ചതിന് 25000 രൂപയും ജൈവ- അജൈവമാലിന്യങ്ങൾ തരംതിരിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 5000 രൂപയും പഞ്ചായത്തീരാജ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ മാടായി ഗ്രാമ പഞ്ചായത്തിന് നിർദേശം നൽകുകയായിരുന്നു. ടീം ലീഡർ പി.പി.അഷ്‌റഫ് , പഞ്ചായത്ത് അസി.സെക്രട്ടറി എം.വി.സുമേഷ് , നിതിൻ വത്സലൻ,മോറിസ് മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു .