‘കണ്ണന്റെ എത്ര ചിത്രങ്ങൾ വരച്ചിട്ടുണ്ട്’: മോദി ചോദിച്ചു, ആയിരത്തിലധികമെന്ന് ജസ്ന സലീം

ഗുരുവായൂർ : ബുധനാഴ്ച ക്ഷേത്രദർശനം കഴിഞ്ഞു പുറത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യത്യസ്ത സമ്മാനങ്ങളുമായി 3 പേർ കണ്ണന്റെ നടയിൽ കാത്തു നിന്നു. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വിൽക്കുന്നത് ജീവിതമാർഗമാക്കിയ ജെസ്ന സലിം, ജൈവകൃഷിയിലൂടെ ശ്രദ്ധ നേടിയ വിജയലക്ഷ്മി, പക്ഷിമൃഗാദികളുടെ ദാഹം അകറ്റുന്ന ശ്രീമൻനാരായണൻ എന്നിവരാണവർ.
കൊയിലാണ്ടി കുറുവങ്ങാട് പുളിയരിക്കുന്നത്ത് ജസ്ന സലിം മോദിക്കു സമർപ്പിച്ചത് അക്രലിക് ഷീറ്റിൽഫാബ്രിക് പെയിന്റിൽ വരച്ച വെണ്ണക്കണ്ണന്റെ ചിത്രമാണ്. കണ്ണന്റെ എത്ര ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചോദിച്ചു. ആയിരത്തിലധികം എന്നായിരുന്നു മറുപടി. അത്ഭുതം കലർന്ന ചിരിയോടെ മോദി നോക്കി നിന്നു. തലയിൽ കൈവച്ച് അനുഗ്രഹിച്ചു, ജെസ്ന പറഞ്ഞു.
10 വർഷമായി കണ്ണന്റെ ചിത്രങ്ങൾ വരച്ച് വിൽക്കുന്നത് ജസ്ന വിശേഷ ദിവസങ്ങളിൽ ഗുരുവായൂരിൽ എത്തും. താൻ വരച്ച ചിത്രങ്ങൾ കണ്ണനു സമർപ്പിക്കും. പ്രധാനമന്ത്രിക്ക് ഒരു ചിത്രം സമർപ്പിക്കണമെന്ന ആഗ്രഹം സാധിച്ചത് സുരേഷ് ഗോപിയാണ്. കണ്ണന്റെ നടയിൽ തന്നെ അതു സാധിച്ച സന്തോഷത്തിലാണ് ജസ്ന. 2020ൽ കേരള കൃഷി വകുപ്പിന്റെ കർഷക തിലകം അവാർഡ് നേടിയ വിദ്യാർഥിനിയാണ് പത്തനംതിട്ട കുളനട ഉളനാട് ഗ്രാമത്തിൽ സഞ്ജീവിന്റെയും ദീപ്തിയുടെയും മകളായ ജയലക്ഷ്മി. ഇപ്പോൾ തൃശൂർ കാർഷിക സർവകലാശാലയിൽ ഒന്നാം വ്രഷ ബിരുദ വിദ്യാർഥിനി.
ജൈവകൃഷിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയലക്ഷ്മി കത്ത് എഴുതി, തിരിച്ചു ലഭിച്ചത് മോദിയുടെ പ്രശംസാ പത്രമായിരുന്നു. ജയലക്ഷ്മിയെ ആദരിക്കാൻ ചേർന്ന യോഗത്തിൽ സുരേഷ് ഗോപിക്ക് ഒരു പേരത്തൈ സമ്മാനിച്ചു. അത് അദ്ദേഹം ഡൽഹിയിൽ മോദിയെ നേരിട്ട് ഏൽപിച്ചു. മോദിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ജയലക്ഷ്മിക്ക് സുരേഷ് ഗോപിയുടെ വിളി എത്തിയത് കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രിക്ക് ചന്ദനത്തൈ സമ്മാനിച്ച ജയലക്ഷ്മിയോട് മോദി പറഞ്ഞു.
ജയലക്ഷ്മി, അന്നത്തെ പേരത്തൈ എന്റെ വസതിയിലുണ്ട്. പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ പരാമർശിച്ച എറണാകുളം കടുങ്ങല്ലൂർ സ്വദേശി ശ്രീമൻനാരായണനും മോദിയെ കാണാൻ സൗകര്യം ഒരുക്കിയത് സുരേഷേ ഗോപി തന്നെ. പക്ഷിമൃഗാദികളുടെ ദാഹം അകറ്റാനായി ആയിരക്കണക്കിന മൺചട്ടികൾ വിതരണം ചെയ്യുന്ന ശ്രീമൻനാരായണനെ കുറിച്ച് മോദി മൻകി ബാത്തിൽ പരാമർശിച്ചിരുന്നു. മൺചട്ടി വിതരണം ഒരു ലക്ഷം എത്തിയപ്പോൾ ആ പാത്രം മോദിക്ക് നൽകണമെന്ന ആഗ്രഹമാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സഫലീകരിച്ചത്. ഈ 3 പേരെ കണ്ടതും സമ്മാനം ഏറ്റുവാങ്ങിയതും മോദി തന്നെ ചിത്രങ്ങൾ സഹിതം എക്സിൽ കുറിച്ചു.