നിരോധിത പ്ലാസ്റ്റിക് ശേഖരം പിടിച്ചു

പയ്യന്നൂർ : നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ വില്ക്കുന്ന സ്ഥാപനങ്ങിൽ പരിശോധന കർശനമാക്കി നഗരസഭ. കൊറ്റി ഫാൻസ് സൂപ്പർ മാർക്കറ്റിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പ്ലാസ്റ്റിക്, ഡിസ്‌പോസിബിൾ വസ്തുക്കൾ എന്നിവ പിടികൂടി. 7500 ഗ്ലാസ്, 7000 പ്ലേയ്റ്റ് ,1750 പ്ലാസ്റ്റിക് സ്പൂൺ, 2300 പ്ലാസ്റ്റിക് സ്‌ട്രോ, 2100 പേപ്പർ ഇല, 4300 പ്ലാസ്റ്റിക് ബൗൾ, 300 മില്ലിയുടെ 510 കുപ്പി വെള്ളം എന്നിവയാണ് പിടിച്ചെടുത്തത്.
നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എ.വി. മധുസൂദനന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാരായ എം. രേഖ, ഒ.കെ. ശ്യാംകൃഷ്ണൻ, കെ.വി. അജിത എന്നിവരടങ്ങിയ സ്ക്വാഡിന്റെ പരിശോധനയിലാണ് ഇവ പിടികൂടിയത്.
നിരോധിത ഉത്‌പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരേ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ കെ.വി. ലളിതയും നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷും അറിയിച്ചു.
മാടായി : ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ പയ്യന്നൂരും ധർമടത്തും നടത്തിയ പരിശോധനകളിൽ നിരോധിത പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. മാടായി മൊട്ടാമ്പ്രം ലിയ കാറ്ററിങ്ങ്, ധർമടം മേലൂരിലെ ഡ്രീംവേ എന്നീ സ്ഥാപനങ്ങളിൽനിന്നാണ് കുപ്പികൾ പിടിച്ചെടുത്തത്. ഇരു സ്ഥാപനങ്ങൾക്കും 10,000 രൂപ വീതം പിഴ ചുമത്തി.