കല്യാണക്കുറി വൈറലായ കല്യാണിക്ക് കല്യാണം 21ന്

സ്വന്തം കല്യാണക്കുറി സ്വയം തയാറാക്കി വൈറലായ കല്യാണിയുടെ കല്യാണം ഞായറാഴ്‌ച. ജലാശയങ്ങൾക്ക് വെല്ലുവിളിയായ കുളവാഴയോട് ഈ കുട്ടനാട്ടുകാരിയുടെ “മധുരപ്രതികാര’മായിരുന്നു സ്വന്തം കല്യാണക്കുറി കുളവാഴ പേപ്പറിൽ തയാറാക്കിയത്. കൈനകരി കുട്ടമംഗലം സ്വദേശി സി അനിൽ–ബിന്ദു ദമ്പതികളുടെ മകളായ കല്യാണി എറണാകുളം കുഫോസിൽ (ഫിഷറീസ് സർവകലാശാല) എം.എസ്.സി വിദ്യാർഥിനിയാണ്.
ആലപ്പുഴ എസ്.ഡി കോളേജിൽ സുവോളജി ബിരുദ പഠനസമയത്ത് പ്രോജക്ട് ചെയ്തത് വകുപ്പ് തലവനും ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യഗവേഷകനുമായ പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭുവിന്റെ കീഴിലായിരുന്നു. കോളേജിലെ ആദ്യ വിദ്യാർഥി സ്‌റ്റാർട്ടപ്പായ “ഐക്കോടെക്ക്’ സി.ഇ.ഒ വി. അനൂപ് കുമാറിന്റെയും മേൽനോട്ടത്തിലാണ് കുളവാഴയിൽ നിന്നുള്ള വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ പരിശീലനം നേടിയത്. അന്നുലഭിച്ച ശിക്ഷണം ഇപ്പോൾ കല്യാണി സ്വന്തം വിവാഹക്ഷണക്കത്തിനും ഉപയോഗിച്ചു.
കല്യാണിയും കൂട്ടുകാരും കോളേജിലെ സാമൂഹ്യ പരിശീലനകേന്ദ്രത്തിൽ കുളവാഴ പൾപ്പും ഉപയോഗിച്ച പേപ്പറും നിശ്ചിത അനുപാതത്തിൽ ചേർത്ത് നിർമിച്ച ഹസ്‌തനിർമിത കടലാസ് തയാറാക്കി. കുളവാഴപ്പൂവിന്റെ ചിത്രംകൂടി ചേർത്ത് കല്യാണക്കുറി മനോഹരമായി രൂപകൽപ്പന ചെയ്‌ത് അനൂപ്‌കുമാർ രംഗത്തെത്തിയപ്പോൾ പിറന്നത് വൈറലായ കല്യാണക്കുറി.
ഇന്റർനെറ്റിൽ എട്ടുലക്ഷത്തിലധികം പേർ ഇതിനകം “കല്യാണിയുടെ കല്യാണക്കുറി’ പിറന്നകഥ കണ്ടു കഴിഞ്ഞു. ഈ മാതൃക കുട്ടനാട്ടിലെ കർഷകരും പൊതുജനങ്ങളും പ്രത്യേകിച്ച് യുവജനങ്ങൾ കുളവാഴയെ ഉപയോഗപ്പെടുത്താനുള്ള വിവിധങ്ങളായ ആശയങ്ങൾ വികസിപ്പിക്കണമെന്നാണ് കല്യാണിയുടെ ആഗ്രഹം.