പുരാവൃത്തം ഓർമ്മപ്പെടുത്തി ഏമ്പേറ്റിലെത്തി നമ്പ്യാലൻ തെയ്യം അനുഗ്രഹം ചൊരിഞ്ഞ് മടങ്ങി

ഏഴോം: മനുഷ്യാവസ്ഥയിൽ ജീവിച്ചിരുന്ന കാലത്ത് സേവിച്ച തറവാട്ടുകാരുടെ പിൻതലമുറയെ ദൈവക്കരുവായി കെട്ടിയാടിക്കുന്ന തെയ്യം അവരുടെ ദേശത്തെത്തി അനുഗ്രഹിച്ച് മടങ്ങി. ഏഴോം നങ്കലം വള്ള്യോട്ട് കല്ലേൻ തറവാടിൽ കെട്ടിയാടിച്ച നമ്പ്യാലൻ തെയ്യമാണ് കിലോമീറ്ററുകൾ നടന്ന് ചേണിച്ചേരി നമ്പ്യാർ കുടുംബാംഗങ്ങളുടെ വീടുകൾ സന്ദർശിച്ച് മടങ്ങിയത്.
പുലയ സമുദായക്കാരുടെ തറവാട്ടിലെ ആരാധനാമൂർത്തിയായ നമ്പ്യാലൻ തെയ്യത്തെ കെട്ടുന്നതും കൊട്ടിപ്പാടുന്നതുമെല്ലാം അവർ തന്നെയാണ്. തെയ്യം കെട്ടിയിറങ്ങിയാലുടൻ ചേണിച്ചേരി നമ്പ്യാർ കുടുംബാംഗങ്ങളുടെ വീടുകൾ കയറാനായി യാത്രയാകും. പരിയാരം ഏമ്പേറ്റിനടുത്ത കാനായിലാണ് ചേണിച്ചേരി കുടുംബങ്ങൾ എറേയുള്ളത്. നങ്കലത്തുനിന്നും കിലോമീറ്ററുകൾ നടന്നു കാനായിലേക്കുള്ള നമ്പ്യാലൻ തെയ്യത്തിന്റെ യാത്ര ഈ നാട്ടുകാർക്ക് പഴയ ചരിത്രത്തെ ഓർമ്മിക്കൽ കൂടിയാണ്.
ചതുപ്പുനിലമായ നങ്കലത്ത് ചേണിച്ചേരി നമ്പ്യാർ തറവാട്ടിലെ വിശ്വസ്തനായ പുലയ കാര്യസ്ഥനായിരുന്നു നമ്പ്യാലൻ എന്നാണ് പുരാവൃത്തം.ടിപ്പുവിന്റെ പടയോട്ടകാലത്ത് സമ്പന്നമായ ചേണിച്ചേരി തറവാട് കൊള്ളയടിക്കപ്പെടുമെന്ന ആശങ്കയുയർന്നപ്പോൾ വിലപിടിപ്പുള്ള പലതും വിശ്വസ്തനായ കാര്യസ്ഥൻ നമ്പ്യാലനെ ഏല്പിച്ച് വീട്ടുകാർ മാറിപ്പോയെന്നാണ് വിശ്വാസം.
തന്നെ ഏല്പിച്ച സാധനങ്ങളെല്ലാം നമ്പ്യാലൻ നങ്കലത്തിനടുത്ത കൊല്ലംകോട് മേലേത്തുപറമ്പിന് താഴെയുള്ള കൈപാടിൽ ചവിട്ടിതാഴ്തി. നിധി ഒളിപ്പിക്കാനുള്ള തത്രപാടിൽ ഒരു സ്വർണ്ണ നാണയം കളഞ്ഞുപോയി. അതു തേടികൊണ്ടിരിക്കെ നമ്പ്യാലൻ സമ്പത്ത് തേടിയെത്തിയവരുടെ ക്രൂരമർദ്ദനത്തിനിരയായി. പിന്നീട് തറവാട്ടുകാർ തിരിച്ചെത്തിയപ്പോൾ തച്ചുടച്ച തറവാടും ശ്വാസംമാത്രം ബാക്കിയായ നമ്പ്യാലനെയുമാണ് കണ്ടത്. സംഭവങ്ങൾ വിവരിച്ച നമ്പ്യാലൻ താൻ മരിച്ചാൽ ദൈവമായി തീരുമെന്നും കോലം കെട്ടി ആടിച്ചാൽ ഒളിപ്പിച്ച നിധി ഞാൻ തന്നെ എടുത്തുതരുമെന്നും പറഞ്ഞു. വൈകാതെ മരിക്കുകയും ചെയ്തു.
പിന്നീട് തെയ്യം കെട്ടിയാടിച്ചപ്പോൾ കൈപാടിൽ ഒളിപ്പിച്ച നിധി എടുത്തു കൊടുത്തുവെന്നാണ് കഥ. നമ്പ്യാലനെ അന്ന് ചേണിച്ചേരിക്കാരാണ് കെട്ടിയാടിച്ചതെന്നാണ് പറയുന്നത്. ചേണിച്ചേരിയിൽ നാലു തായ് വഴികളിലായി 360 ഓളം കുടുംബങ്ങൾ ഇപ്പോഴുണ്ടെന്നാണ് പറയുന്നത്. നമ്പ്യാലൻ തെയ്യം നൂറോളം കുടുംബങ്ങളിലാണ് ഇപ്പോഴെത്തുന്നതെന്ന് കോമരം വേലായുധൻ പറഞ്ഞു. തെയ്യം രാവിലെ 8 മണിക്ക് പുറപ്പെട്ടാൽ വൈകിട്ട് മൂന്നുമണിയോടെയാണ് തിരിച്ചെത്തുന്നത്. ഗുളികൻ, മന്ത്രമൂർത്തി, കുടകത്തായി ഭഗവതി എന്നീ തെയ്യങ്ങളും ഇവിടെ കെട്ടിയാടിച്ചുവരുന്നു.