മാഹി പൊലീസിൽ ചുവന്ന തൊപ്പിക്കാർ കുറഞ്ഞു; ഓഫീസർമാരുടെ എണ്ണത്തിൽ വർദ്ധനവ്

മാഹി:മാഹിയിൽ ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ അടയാളമായി നിലനിന്നിരുന്ന പൊലീസുകാരന്റെ ചുവന്ന തൊപ്പി അണിയാൻ ഇനി വിരലിലെണ്ണാവുന്നവർ മാത്രം. മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തെ പൊലീസ് സേനയിൽ നടപ്പിലാക്കിയ സ്ഥാനക്കയറ്റത്തോടെ മാഹിയിലെ ഓഫീസർമാരുടെ എണ്ണം കോൺസ്റ്റബിൾമാരുടെ ഇരട്ടിയിലധികമായി.
പത്തുവർഷം സർവ്വീസുള്ളവരെ ഹെഡ് കോൺസ്റ്റബിൾമാരായും പതിനഞ്ചു വർഷം കഴിഞ്ഞ വരെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായും 25 വർഷം കഴിഞ്ഞവരെ സബ് ഇൻസ്‌പെക്ടർമാരായും സ്ഥാനക്കയറ്റം നൽകിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
നേരത്തെ പതിനഞ്ച്, ഇരുപത്തിയഞ്ച്, മുപ്പത്തിയഞ്ച് വർഷങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രമോഷൻ. കേന്ദ്രനയത്തിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്ക് പത്ത്, ഇരുപത് ,മുപ്പത് വർഷങ്ങളിലാണ് അടിസ്ഥാന ശമ്പളവർദ്ധനവോടെ പ്രമോഷൻ നൽകുന്നത്.
എന്നാൽ പുതുച്ചേരിയിലെ പുതിയ ഉത്തരവിന് ശമ്പള വർദ്ധനവുമായി യാതൊരു ബന്ധവുമില്ല. യൂണിഫോമിൽ മാത്രമേ മാറ്റമുണ്ടാകും. ഫലത്തിൽ ഒരോ സ്റ്റേഷനിലും ഭൂരിഭാഗം പേരും സ്റ്റാറണിഞ്ഞ ഓഫീസർമാരായിരിക്കും. ചുവന്ന തൊപ്പിയണിയുന്ന പൊലീസ് കോൺസ്റ്റബിൾമാരും ഹെഡ് കോൺസ്റ്റബിൾമാരും ഏറെകുറയും.
പരേഡിന് ആളെ നോക്കണം
ദേശീയ ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പരേഡുകൾക്ക് ഇനി പുതുച്ചേരിയിൽ നിന്ന് കോൺസ്റ്റബിൾമാരെ ഇറക്കുമതി ചെയ്യേണ്ടി വരും.പുതിയ ഉത്തരവോടെ മാഹിയിലെ ഇന്ത്യാ റിസർവ്വ് ബറ്റാലിയൻ യൂണിറ്റിലെ ആകെയുള്ള 35 പേരും ഒറ്റയടിക്ക് എ.എസ്.ഐ മാരായി.
പുതിയ പരിഷ്കാരം മാഹി പൊലീസ് സ്റ്റേഷനിലെ ദൈനംദിന ഡ്യൂട്ടിക്ക് തടസ്സമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ഇപ്പോൾ തന്നെ മാഹിയിൽ അറുപതോളം കോൺസ്റ്റബിൾ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പുതുച്ചേരി പോലീസിൽ ആയിരത്തോളം പേർ നിയമിക്കപ്പെട്ടുവെങ്കിലും, മാഹിക്കാരുടെ പ്രാതിനിധ്യം പത്തിൽ താഴെ മാത്രമാണ്.