നിധി തട്ടിപ്പ്: പരാതിയുമായി കൂടുതൽ പേർ

കോഴിക്കോട് : നടക്കാവ് കേന്ദ്രമാക്കിയ നിധി ബാങ്കിന് കീഴിലെ ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പിൽ കൂടുതൽ പേർ പരാതി നൽകി. സിസ് ബാങ്കിന്റെ ചേളാരി ശാഖയിലെ ജീവനക്കാർ മലപ്പുറം തിരൂരങ്ങാടി പൊലീസിലും താമരശേരി ശാഖയിലെ ജീവനക്കാർ താമരശേരി പൊലീസിലും പരാതി നൽകി. താമരശേരി ശാഖയിൽ നിന്ന് ഹെഡ് ഓഫീസ് അക്കൗണ്ടിൽ അടച്ച കോടികൾ നഷ്ടമായെന്ന് പരാതിയിൽ പറയുന്നു.
പണം തട്ടാൻ മതപണ്ഡിതരെ ഉൾപ്പെടെ ഉപയോഗിച്ചതിന്റെ തെളിവുകളും പുറത്തുവന്നു. പലിശ രഹിത ഇടപാടാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരിൽ നിന്നും പണം വാങ്ങിയത്. കഴിഞ്ഞ ദിവസം നടക്കാവ് മുഖ്യശാഖയിലെ ജീവനക്കാരും നിക്ഷേപകരും പരാതി നൽകിയിരുന്നു. താമരശേരി, പേരാമ്പ്ര, പാളയം എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിൽ ചേളാരി, കോട്ടക്കൽ എന്നിവിടങ്ങളിലുമാണ് സ്ഥാപനത്തിന് ശാഖകളുള്ളത്. ഇവയെല്ലാം അടഞ്ഞുകിടക്കുകയാണ്. ദിവസ കലക്‌ഷനും സ്ഥിരനിക്ഷേപവും ആർ.ഡി.യുമായി സ്വീകരിച്ച പണമാണ് വെട്ടിച്ചത്. സി.ഇ.ഒ കടലുണ്ടി ചാലിയം സ്വദേശി വസീം തൊണ്ടിക്കാടൻ ഉൾപ്പെടെയുള്ളവർ ഒളിവിലാണ്.