കെ.എസ്.ആര്‍.ടി.സി ബസ് എന്‍ജിന്‍ ഓഫാക്കാതെ 20 മിനിട്ട് നിര്‍ത്തിയിട്ടു; ഡ്രൈവറടക്കം മൂന്നുപേര്‍ക്കെതിരെ നടപടി

Share our post

തിരുവനന്തപുരം: സ്റ്റാന്‍ഡില്‍ യാത്രക്കാരെ കാത്ത് 20 മിനിട്ടോളം എന്‍ജിന്‍ ഓഫ് ചെയ്യാതെ കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തിയിട്ട സംഭവത്തില്‍ താത്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു. ഡീസല്‍ നഷ്ടമുണ്ടാക്കുന്നത് തടയാതിരുന്ന കണ്ടക്ടറെയും ബസിന്റെ സ്റ്റാര്‍ട്ടര്‍ തകരാര്‍ പരിഹരിക്കാതിരുന്നതിന് ചാര്‍ജ്മാനേയും സസ്പെന്‍ഡ് ചെയ്തു.

പാറശ്ശാല ഡിപ്പോയിലെ ഡ്രൈവര്‍ പി.ബൈജുവിനെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടര്‍ രജിത്ത് രവി, പാറശ്ശാല ചാര്‍ജ്മാന്‍ കെ.സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരേയാണ് നടപടി.
കഴിഞ്ഞ ഒമ്പതിന് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലായിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ബിജു പ്രഭാകര്‍ ഡിപ്പോ പരിശോധനയ്ക്ക് എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര-കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയിട്ടിരുന്ന ബസിന്റെ എന്‍ജിന്‍ ഓഫ് ചെയ്തിട്ടില്ലെന്ന് കണ്ടു.

ഡ്രൈവറോട് ചോദിച്ചപ്പോള്‍ ബസിന്റെ സെല്‍ഫ് സ്റ്റാര്‍ട്ട് തകരാറാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി. കെ.എസ്.ആര്‍.ടി.സി. മേധാവിയോട് ഡ്രൈവര്‍ പരുഷമായിട്ടാണ് പ്രതികരിച്ചത്.ഇതില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. താത്കാലിക ജീവനക്കാരനായ ഡ്രൈവര്‍ ഡീസല്‍ പാഴാക്കുന്നത് കണ്ടിട്ടും സ്ഥിര ജീവനക്കാരനായ കണ്ടക്ടര്‍ തടഞ്ഞില്ലെന്ന് കണ്ടെത്തി.

ബസിന്റെ തകരാര്‍ സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും യഥാസമയം പരിഹരിക്കാതിരുന്നതിനാണ് പാറശ്ശാല ഡിപ്പോയിലെ ഗാരേജിന്റെ ചുമതല വഹിച്ചിരുന്ന ചാര്‍ജ്മാനെ സസ്പെന്‍ഡ് ചെയ്തത്.ഡീസല്‍ പാഴാക്കരുതെന്ന നിര്‍ദേശം ജീവനക്കാര്‍ ലംഘിച്ചതായി കണ്ടെത്തി. വരുമാനത്തിന്റെ 50 ശതമാനം ഇന്ധനത്തിനുവേണ്ടി ചെലവിടുന്ന സാഹചര്യത്തില്‍ ഡീസല്‍ ദുരുപയോഗം അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!