നെടുമ്പാശേരിയിൽനിന്ന് കൂടുതൽ പ്രാദേശിക വിമാന സർവീസുകൾ

നെടുമ്പാശേരി : സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലെ ചെറുനഗരങ്ങളിലേക്കുമുള്ള വിമാന സർവീസ് വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലിന് കരുത്തുപകർന്ന് സിയാൽ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് കണ്ണൂർ, മൈസൂരു, തിരുച്ചി എന്നിവിടങ്ങളിലേക്ക് അലയൻസ് എയറാണ് ജനുവരി അവസാനത്തോടെ സർവീസ് തുടങ്ങുക.
ഇതിനായി അലയൻസ് എയറിന്റെ എ.ടി.ആർ വിമാനത്തിന് രാത്രി പാർക്കിങ്ങിന് സൗകര്യം ഒരുക്കി. ഈ മേഖലയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള സിയാലിന്റെ ശ്രമങ്ങൾക്ക് പുതിയ ഇടപെടൽ കൂടുതൽ ബലമേകും. നിലവിൽ അലയൻസ് എയറിന് കൊച്ചിയിൽനിന്ന് അഗത്തി, സേലം, ബംഗളൂരു റൂട്ടുകളിൽ സർവീസുണ്ട്. പ്രാദേശിക വിമാന സർവീസ് വർധിപ്പിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ആശയം നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്ന് സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലേക്കും പുതിയ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും എസ്. സുഹാസ് പറഞ്ഞു.