സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണം; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോപത്തിലേക്ക്. കോവിഡിന് ശേഷം സംസ്ഥാന വ്യാപാരമേഖല തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ ഓണ്‍ലൈൻ വ്യാപാര കടന്നു കയറ്റവും, സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളും, വ്യാപാരമേഖലക്ക് തിരിച്ചടിയാകുകയാണെന്നും, ഇതില്‍ നിന്നും പത്തര ലക്ഷത്തിലധികം പേര്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം ജീവൻ മരണ പോരാട്ട സമരങ്ങള്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം നല്‍കേണ്ടി വരുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ തുടക്കമായി ഈ മാസം 29 മുതല്‍ രാജു അപ്സര ക്യാപ്റ്റനായ വ്യാപാര സംരക്ഷണ യാത്ര കാസര്‍ഗോഡ് നിന്നും ആരംഭിക്കും. രാവിലെ പത്തിന് മണിക്ക് സംസ്ഥാന വൈസ് പ്രസിഡണ്ട് പെരിങ്ങമല രാമചന്ദ്രൻ യാത്ര ഉദ്ഘാടനം ചെയ്യും. യാത്രയില്‍ ഏകോപന സമിതിയുടെ സംസ്ഥാന ഭാരവാഹികളും, യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട്, വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികള്‍ ജാഥയില്‍ അണി നിരക്കും. 14 ജില്ലകളിലും പര്യടനം നടത്തി ഫെബ്രുവരി 13ന് തലസ്ഥാനത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ യാത്ര സമാപിക്കും. സമാപന പൊതുസമ്മേളനം രാജു അപ്സര ഉദ്ഘാടനം ചെയ്യും. യാത്രാ വേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ച് ലക്ഷത്തിലധികം അംഗങ്ങളില്‍ നിന്നും ഒപ്പിട്ട് ശേഖരിച്ച നിവേദനം, 13ന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.
മാലിന്യ സംസ്കരണത്തിന്റെ പേരില്‍ കടകളില്‍ പൊതു ശൗചാലയങ്ങള്‍ ഉണ്ടാക്കണമെന്നും പൊതു വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നുള്‍പ്പടെ അപ്രായോഗികമായ ഉത്തരവുകള്‍ പിൻവലിക്കണമെന്നും ജി.എസ്.ടി.യുടെ പ്രാരംഭ കാലത്ത് സാങ്കേതിക സംവിധാനത്തിന്റെ പിഴവുകള്‍ മൂലം സംഭവിച്ച ചെറിയ തെറ്റുകള്‍ക് പോലും വ്യാപാരികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ പിഴ അടിച്ചേല്‍പ്പിക്കുന്ന നോട്ടീസുകള്‍ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
മറ്റ് ആവശ്യങ്ങൾ
- കാലങ്ങളായി കെട്ടികിടക്കുന്ന നികുതി കുടിശിക നോട്ടീസുകള്‍ക്ക് പിഴയും പലിശയും ഒഴിവാക്കി നികുതിയില്‍ അൻപത് ശതമാനം മാത്രം ഈടാക്കി മറ്റു സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ആംനസ്റ്റി സ്കീം നടപ്പിലാക്കണം.
- ജി.എസ്.ടി രജിസ്ട്രേഷൻ പരിധി രണ്ട് കോടി ആക്കി ഉയര്‍ത്തണം.
- എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷൻ പരിധി ഒരു കോടി ആയി ഉയര്‍ത്തണം.
- പഞ്ചായത്ത്/മുനിസിപ്പല്‍ ലൈസൻസ് ഫീസ് പട്ടികയില്‍ സ്ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ച് നിരക്കില്‍ മാറ്റം വരുത്തണം.
- അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസൻസ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ ട്രേഡേഴ്‌സ് നിയമങ്ങള്‍ പിൻവലിക്കണം.
- ഡി & ഒ ലൈസൻസിന്റെ പേരില്‍ ചുമത്തുന്ന അന്യായമായ പിഴ നിരക്കുകള്‍ ഒഴിവാക്കണം.
- വര്‍ധിപ്പിച്ച പെട്രോള്‍ ഡീസല്‍ സെസും, ഇലക്‌ട്രിസിറ്റി ചാര്‍ജും പിൻവലിക്കണം.
- പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ മാത്രം വേട്ടയാടുന്ന പരിശോധനയും ഫൈനും നിര്‍ത്തലാക്കണം.
- ചെറുകിട വ്യാപാരികള്‍ക് നാല് ശതമാനം നിരക്കില്‍ ബാങ്ക് വായ്‌പകള്‍ ലഭ്യമാക്കണം തുടങ്ങി 23 ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.