സൂചനാ ബോർഡുകളില്ല : ചീരാറ്റവളവിൽ അപകട ഭീതി

ചെറുവാഞ്ചേരി : ചെറുവാഞ്ചേരി-കൂത്തുപറമ്പ് റോഡിലെ വലിയവെളിച്ചം ഇറക്കത്തിലുള്ള ചീരാറ്റ ഹെയർപിൻ വളവ് അപകടങ്ങളുടെ പേരിൽ ചർച്ചാവിഷയമാണിന്ന്. റോഡിന്റെ കുത്തനെയുള്ള ഇറക്കവും ഹെയർപിൻ വളവുമാണ് അപകടത്തിന് പ്രധാന കാരണം. മുന്നറിയിപ്പ് ബോർഡുകളോ സൂചകങ്ങളോ ഇവിടെയില്ലെന്നതും ഇതിന് കാരണമാണ്.
വീതികുറഞ്ഞ റോഡിലെ കുത്തനെയുള്ള ഇറക്കം പരിചയമില്ലാത്ത ഡ്രൈവർമാർക്ക് ഇത് വലിയ കടമ്പ തന്നെയാണ്. ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന ചരക്ക് ലോറികളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.
സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ രാത്രി ഇതുവഴി സഞ്ചരിച്ചാൽ അപകടസാധ്യത ഏറെയാണ്. മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ ഒരുവശം 40 മുതൽ 60 അടിയോളം താഴ്ചയുള്ള കൊക്കയാണ്.
ഒരുമീറ്റർ ഉയരത്തിൽ ഇരുമ്പ് പാളികൾകൊണ്ട് അരിക് വേലികൾ കെട്ടിയിട്ടുണ്ടെങ്കിലും അതും പൂർണ സുരക്ഷിതമല്ല. ഒരു വർഷത്തിനിടെ ഏഴുതവണ വലിയ വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട് ഇവിടെ.
കോഴിക്കോട് ജില്ലയിലെ നാദാപുരം മുതൽ കൂത്തുപറമ്പ് മൂര്യാട് റോഡ് വരെയുള്ള കണ്ണൂർ വിമാനത്താവള റോഡാണിത്. ചീരാറ്റമുതൽ കൂത്തുപറമ്പ് മട്ടന്നൂർ റോഡ് വരെയുള്ള എട്ട് കിലോമീറ്ററിൽ ദൂരത്തിൽ മൂന്ന് കിലോമീറ്ററോളമാണ് കുത്തനെയുള്ള കയറ്റവും കൊടും വളവുകളുമുള്ളത്.
മട്ടന്നൂർ വിമാനത്താവളത്തിൽനിന്ന് കോഴിക്കോട് ജില്ലയുടെ കിഴക്കൻമേഖലകളിലേക്കുള്ള എളുപ്പമാർഗമാണിത്. വലിയവെളിച്ചം, ചെറുവാഞ്ചേരി, പാറാട് വഴി നാദാപുരം, കുറ്റ്യാടി, തൊട്ടിൽ പാലം, പേരാമ്പ്ര ഭാഗങ്ങളിലേക്കുള്ള ചരക്ക് വാഹനങ്ങൾക്ക് തലശ്ശേരി, വടകരവഴി പോകാതെ 20 കിലോ മീറ്ററിലധികം ദൂരം ലാഭിക്കാനാകും. നാലുവർഷം മുമ്പ് മെക്കാഡം ടാർചെയ്തിരുന്നു.
വലിയ വാഹനങ്ങൾപേടിക്കണം
നിർമാണപ്രവർത്തനങ്ങൾക്കാവശ്യമായ സിമന്റ്, കമ്പി പോലുള്ള ചരക്ക് കയറ്റിവരുന്ന നീളംകൂടിയ ലോറികൾ അപകടത്തിൽപ്പെടുന്നതും ഹെയർ പിൻ വളവ് കടന്നുപോകാനാകാതെ വഴിമുടക്കി നിൽക്കുന്നതും പതിവാകുകയാണ്. കഴിഞ്ഞയാഴ്ച വലിയവെളിച്ചം വളവിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. ആളപായമുണ്ടായില്ല. കൂത്തുപറമ്പ് ഭാഗത്തു നിന്ന് പാനൂരിലേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
രണ്ട് മാസത്തിനുള്ളിൽ നിരവധിതവണ ഇവിടെ അപകടങ്ങൾ നടന്നിട്ടുണ്ട്. റോഡ് വീതികൂട്ടി അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.