ഹൈറിച്ച് കമ്പനി 1,630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് റിപ്പോര്‍ട്ട്

Share our post

തൃശ്ശൂര്‍: തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹൈറിച്ച്’ കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് പോലീസ് റിപ്പോര്‍ട്ട്. തൃശ്ശൂര്‍ അഡീ. സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ‘ഹൈറിച്ച്’ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നത്. വലിയ തട്ടിപ്പായതിനാല്‍ തുടരന്വേഷണത്തിനായി ഉയര്‍ന്ന അന്വേഷണ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ ‘ഹൈറിച്ച്’ നടത്തിയത് മണിച്ചെയിന്‍ തട്ടിപ്പാണെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 1.63 കോടി ആളുകളില്‍നിന്ന് പണം കൈപ്പറ്റി. നിയമങ്ങളൊന്നും പാലിക്കാതെയാണ് ഈ ഫണ്ടുശേഖരണം നടന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

‘ഹൈറിച്ച്’ തട്ടിപ്പില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയാണ് കോടതിയെ സമീപിച്ചിരുന്നത്. തുടര്‍ന്ന് കോടതി അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ഇതനുസരിച്ച് ചേര്‍പ്പ് പോലീസ് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു.

‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പില്‍ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപന്‍ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്പനിയുടെ സ്വത്ത് താത്കാലികമായി കണ്ടുകെട്ടാന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഉത്തരവിട്ടിരുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!