സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട, വാഹനാപകടങ്ങള്‍ക്ക് ഇപ്പോള്‍ പഴയ ശിക്ഷയല്ല; മുന്നറിയിപ്പുമായി എം.വി.ഡി

Share our post

രാജ്യത്തെ തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഒന്നാണ് ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഭാരതീയ ന്യായ് സംഹിതയും പല നിയമലംഘനങ്ങള്‍ക്കും വരുത്തിയിട്ടുള്ള ശിക്ഷയും. ഇതില്‍ ഏറ്റവുമധികം പ്രതിഷേധങ്ങള്‍ ഉണ്ടായ ഒന്ന് വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ വരുത്തിയ മാറ്റവും ഇതിലെ ശിക്ഷയുമാണ്. പുതിയ നിയമം അനുസരിച്ച് വാഹനാപകടങ്ങള്‍ക്കുള്ള നിയമങ്ങളും ശിക്ഷയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

ഇന്ത്യന്‍ ശിക്ഷാ നിയമം പരിഷ്‌കരിച്ച് പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരം ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവും മൂലം നടക്കുന്ന അപകടത്തിന്റെ ശിക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ച് റോഡപകടങ്ങളില്‍ മരണമുണ്ടായാല്‍ കാരണക്കാരായ ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയുമായിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്ന ശിക്ഷ.

എന്നാല്‍, പുതുതായി പാര്‍ലമെന്റ് പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ 106 (1)വകുപ്പ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ പരമാവധി അഞ്ചുവര്‍ഷം തടവും പിഴയും എന്നതരത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ, 106 (2) പ്രകാരം ഇത്തരം അപകടങ്ങള്‍ നടന്ന് പോലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കാതെ കടന്നു കളയുകയും അപകടത്തില്‍പെട്ട വ്യക്തി മരണപ്പെടുകയും ചെയ്താല്‍ കാരണക്കാരനായ ഡ്രൈവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന തരത്തിലാണ് പുതിയ നിയമത്തില്‍ ചേര്‍ത്തിട്ടുള്ളത്.

ശിക്ഷ വര്‍ദ്ധിപ്പിച്ച് നിയമ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും അതുവഴി അപകട നിരക്ക് കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പുതിയ ഭേദഗതികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മരണത്തിനിടയാക്കുന്ന അപകടമുണ്ടായാല്‍ വിവരം ഉടന്‍ പോലീസിനെയോ മജിസ്‌ട്രേറ്റിനെയോ അറിയിക്കാതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷംവരെ തടവും ഏഴ് ലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്.

വാഹനാപകടമുണ്ടാകുമ്പോള്‍ പലപ്പോഴും നിര്‍ത്താതെ പോകുന്നതും മാറിനില്‍ക്കുന്നതും അപകടത്തില്‍ പെട്ട ആളുകളെ രക്ഷിക്കാന്‍ മനസില്ലാത്തത് കൊണ്ടല്ല, മറിച്ച് അപകടസ്ഥലത്ത് ഓടികൂടുന്ന ആള്‍കൂട്ടത്തിന്റെ ആക്രമണം ഭയന്നാണെന്നാണ് ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെടുന്നത്. വാഹനാപകടമുണ്ടാകുന്ന സാഹചര്യങ്ങളില്‍ ശരിതെറ്റുകള്‍ പോലും നോക്കാതെ ഡ്രൈവര്‍മാര്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പോലും നേരിടേണ്ട സാഹചര്യമാണുള്ളതെന്നായിരുന്നു ഡ്രൈവര്‍മാരുടെ പക്ഷം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!