പെൻഷൻ നൽകുന്നതിനായി കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം; കേന്ദ്രത്തിന് സമൻസ് അയച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: പെൻഷൻ നൽകുന്നതിന് അടിയന്തരമായി കടമെടുക്കാൻ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കണമെന്ന് കേരളം. ഇതിനായി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പടിവിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റ സ്യൂട്ട് ഹർജി പരിഗണിച്ച സുപ്രീം കോടതി, കേന്ദ്ര സർക്കാരിന് സമൻസ് അയച്ചു. ജനുവരി 25-ന് ഇടക്കാല ഉത്തരവ് സംബന്ധിച്ച കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനം ചോദ്യംചെയ്ത് നൽകിയ സ്യൂട്ട് ഹർജി പരിഗണിക്കവെയാണ് പെൻഷൻ നൽകുന്നതിന് കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ, സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഈ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെ നൽകിയ സ്യൂട്ട് ഹർജി ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇതിനോട് വാക്കാൽ യോജിച്ചു.
എന്നാൽ, അടിയന്തരമായി കടമെടുക്കാൻ അനുമതി നൽകിക്കൊണ്ട് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന് സിബൽ ആവശ്യപ്പെട്ടു. തുടർന്നാണ് അറ്റോർണി ജനറലിന്റെ ഓഫീസ് മുഖേന കേന്ദ്രത്തിന് സമൻസ് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചത്. സ്യൂട്ട് ഹർജി ആയതിനാലാണ് കോടതി സമൻസ് അയച്ചത്.
കേന്ദ്രതീരുമാനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാന സമ്പദ്‌വ്യവസ്ഥയിൽ വൻ ആഘാതം സൃഷ്ടിക്കാമെന്നും സ്യൂട്ട് ഹർജിയിൽ കേരളം വിശദീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സംസ്ഥാനത്തിന് 26,000 കോടി രൂപ അടിയന്തരമായി ആവശ്യമാണെന്നും ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രക്രിയയിലും സാമ്പത്തിക സ്വയംഭരണത്തിലും കേന്ദ്രം കൈകടത്തുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.