ചികിത്സതേടി വിദേശികള്‍ കേരളത്തിലേക്ക്; പരിഭാഷകര്‍ക്ക് വന്‍ ഡിമാന്‍ഡ്

വിദഗ്ധചികിത്സതേടി കേരളത്തിലെത്തുന്ന വിദേശികളുടെ എണ്ണം ഉയരുന്നതിനൊപ്പം പരിഭാഷകര്‍ക്കും (ട്രാന്‍സ്ലേറ്റര്‍മാര്‍) ഫെസിലിറ്റേറ്റര്‍മാര്‍ക്കും ആവശ്യമേറുന്നു. മെഡിക്കല്‍ ടൂറിസം രംഗത്ത് നിലവില്‍ രണ്ടായിരത്തോളം പരിഭാഷകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അസോസിയേഷന്‍ ഫോര്‍ മെഡിക്കല്‍ ഫെസിലിേേറ്ററ്റഴ്‌സിന്റെ കണക്ക്. കൂടുതല്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍ക്ക് അവസരങ്ങള്‍ ഏറും.
വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് യാത്ര, താമസം, ആശുപത്രികളില്‍ അപ്പോയ്മെന്റ് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഫെസിലിറ്റേറ്റര്‍മാരുടെ എണ്ണം കേരളത്തില്‍ ആയിരമാണ്. ഇവരാണ് പരിഭാഷകരെ ക്രമീകരിക്കുന്നത്.
കേരളത്തിലേക്കു ചികിത്സയ്ക്കായെത്തുന്ന വിദേശീയരില്‍ നല്ലൊരുപങ്കും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ ഒമാന്‍, സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമാണ്. ഇങ്ങനെയെത്തുന്ന വിദേശികള്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും നല്‍കുന്ന സംഘങ്ങള്‍ കൊച്ചി, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലുണ്ട്.
ഉന്നതനിലവാരത്തിലുള്ള പല ചികിത്സകളും കേരളത്തില്‍ കുറഞ്ഞചെലവില്‍ ചെയ്യാനാവും എന്നതും വിദേശരാജ്യങ്ങളില്‍ ചികിത്സയ്ക്ക് നേരിടുന്ന കാലതാമസവുമാണ് വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഫിക്കിയുടെ കണക്ക് പ്രകാരം 2022-ല്‍ മാത്രം ആറരലക്ഷത്തിലധികം വിദേശികളാണ് ചികിത്സാ ആവശ്യാര്‍ഥം ഇന്ത്യ സന്ദര്‍ശിച്ചത്.
സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യം
മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് അസോസിയേഷന്‍ ഫോര്‍ മെഡിക്കല്‍ ഫെസിലിേേറ്ററ്റഴ്‌സ് ആവശ്യപ്പെട്ടു. നിലവില്‍ ആര്‍ക്കും ഫെസിലിറ്റേറ്റര്‍ ആകാമെന്ന സ്ഥിതിയാണ്. മെഡിക്കല്‍ ടൂറിസംരംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ക്ഷേമനിധി, ആരോഗ്യവകുപ്പ് അംഗീകാരമുള്ള തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.