ഇന്‍സ്റ്റാഗ്രാമില്‍ ‘ഹൈ ക്വാളിറ്റി’ ചിത്രങ്ങളും വീഡിയോകളും എങ്ങനെ പങ്കുവെക്കാം

വലിയ ജനപ്രീതിയുള്ള സോഷ്യല്‍ മീഡിയാ ആപ്പുകളിലൊന്നാണ് മെറ്റ പ്ലാറ്റ്‌ഫോംസിന്റെ ഇന്‍സ്റ്റാഗ്രാം. ആകര്‍ഷകമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാനാവുന്ന ഈ പ്ലാറ്റ്‌ഫോം എവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ മറ്റുള്ളവര്‍ പങ്കുവെക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രങ്ങള്‍ കണ്ട് പലരും അത്ഭുതപ്പെടുന്നുണ്ടാവും. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് അതിന് സാധിക്കാത്തത്? ഐഫോണ്‍ പോലുള്ള മികച്ച ഫോണുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാവണം അത് എന്നും കരുതുന്നുണ്ടാവണം.
എന്നാല്‍ അങ്ങനയല്ല കാര്യങ്ങള്‍. ചിത്രങ്ങളും വീഡിയോകളും വേഗത്തില്‍ അപ് ലോഡ് ചെയ്യുന്നതിനായി നമ്മള്‍ നല്‍കുന്ന ചിത്രവും വീഡിയോയുമെല്ലാം ഇന്‍സ്റ്റാഗ്രാം കംപ്രസ് ചെയ്യുന്നുണ്ട്. വേഗം കുറഞ്ഞ ഇന്റര്‍നെറ്റില്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് സുഗമമായി സേവനം നല്‍കുന്നതിന് വേണ്ടിയാണിത് ചെയ്യുന്നത്. മാത്രവുമല്ല ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രങ്ങള്‍ കംപ്രസ് ചെയ്യുന്നതുവഴി ഇന്‍സ്റ്റാഗ്രാം സെര്‍വറുകളില്‍ സ്ഥലം ലാഭിക്കാനും കഴിയും.
നിങ്ങളുടെ ചിത്രങ്ങളുടെ യഥാര്‍ഥ ഭംഗി നഷ്ടപ്പെടാതെ ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രങ്ങള്‍ നിങ്ങള്‍ക്കും പങ്കുവെക്കാം. അതെങ്ങനെയാണെന്ന് നോക്കാം.
ഇന്‍സ്റ്റാഗ്രാം ആപ്പ് തുറക്കുക
വലത് ഭാഗത്ത് താഴെയുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്ത് പ്രൊഫൈല്‍ തുറക്കുക
മുകളിലെ വലത്ഭാഗത്തുള്ള മൂന്ന് വരകളില്‍ ടാപ്പ് ചെയ്യുക
Settings & Privacy തിരഞ്ഞെടുക്കുക
താഴേക്ക് സ്‌ക്രോള്‍ ചെയ്ത് Data Usage & Media Quality തിരഞ്ഞെടുക്കുക
Upload Highest quality ഓണ്‍ ചെയ്യുക
ശേഷം നിങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ കംപ്രസ് ചെയ്യാതെ ഉയര്‍ന്ന നിലവാരത്തില്‍ അപ്‌ലോഡ് ചെയ്യപ്പെടും.