കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കും

Share our post

കണ്ണൂർ: കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, ലൈബ്രറി കൗണ്‍സില്‍ വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തും. 60 വയസ്സ് കഴിഞ്ഞ സാക്ഷരതാ പഠിതാക്കളെ ആദരിക്കും. പത്താമുദയം പദ്ധതിയിലൂടെ 2800 പേര്‍ പത്താംതരം തുല്യതയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള മലയാളം സാക്ഷരതാ പദ്ധതി ആന്തൂര്‍ നഗരസഭയില്‍ ആദ്യം ആരംഭിക്കും. ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി കതിരൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായി. ട്രാന്‍സ്ജെന്റേഴ്സിനുള്ള സമന്വയ പദ്ധതിയില്‍ ആറ് പേര്‍ പഠനം നടത്തുന്നുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്കുള്ള തുല്യത പരീക്ഷയില്‍ ഈ വര്‍ഷം മുഴുവന്‍ പേരും പാസ്സായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ. കെ രത്‌നകുമാരി, അഡ്വ. ടി. സരള, യു. പി ശോഭ, കൂത്തുപറമ്പ് നഗരസഭ അധ്യക്ഷ വി. സുജാത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. വി അബ്ദുള്‍ ലത്തീഫ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസി. കോ ഓര്‍ഡിനേറ്റര്‍ ടി. വി ശ്രീജന്‍, സാക്ഷരത സമിതി അംഗങ്ങളായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, വി. ആര്‍. വി ഏഴോം, എന്‍. ടി സുധീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!