വിങ്ങലമർത്തി ജീവനക്കാർ പുറത്തു കാത്തിരുന്നു; ഉള്ളുരുകുന്ന വേദനയായി അമ്പാടി എന്റർപ്രൈസസിലെ തീപിടിത്തം

കണ്ണൂർ : എന്നും രാവിലെ സന്തോഷത്തോടെ അവരെത്തുമ്പോൾ തുറന്നുകിടന്നിരുന്ന വലിയ ഇരുമ്പുഗേറ്റ് ഇന്നലെ അടഞ്ഞു. ഉള്ളിലെ കാഴ്ചകൾ കാണാനാകാതെ, അഗ്നിഗോളം എത്രത്തോളം അമ്പാടി എന്റർപ്രൈസസിനെ വിഴുങ്ങിയെന്ന് അറിയാതെ, മനസ്സിലെ വിങ്ങലമർത്തി ജീവനക്കാർ പുറത്തു കാത്തിരുന്നു. കത്തിയമർന്ന നൂലുകളുടെ ചാരപ്പൊടിഗന്ധം പലരുടെയും നിയന്ത്രണം നഷ്ടപ്പെടുത്തി. വിങ്ങലുകൾ വാവിട്ട കരച്ചിലുകളായി, ചിലർ തളർന്നിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തി, തിരക്കുകൾ ഒന്നൊതുങ്ങിയപ്പോഴാണ് അമ്പാടി എന്റർപ്രൈസസിൽ തീപിടിച്ചെന്ന് ജീവനക്കാർ അറിഞ്ഞത്. സ്വന്തമായി വാഹനമുള്ളവർ സ്ഥലത്തേക്ക് കുതിച്ചെത്തി. 8 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണ വിധേയമാക്കി. അധികം കത്തിയിട്ടില്ലെന്ന ധാരണയിൽ പതിവിലും നേരത്തേ എല്ലാവരും സ്ഥാപനത്തിന് മുന്നിലെത്തി. ഫൊറൻസിക് സംഘമെത്താതെ സ്ഥാപനം തുറക്കില്ലെന്ന നിലപാട് ആദ്യഘട്ടത്തിൽ എടുത്തതോടെ ജീവനക്കാർ ഗേറ്റിന് മുന്നിലുള്ള റോഡ് കടന്ന് മറ്റൊരുവീടിന്റെ മുന്നിലിരുന്നു.
മാസങ്ങളെടുക്കും സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ മാസങ്ങളെടുക്കുമെന്നാണ് തൊഴിലാളികൾക്ക് ലഭിച്ച അറിയിപ്പ്. സ്ഥാപനത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന സാംപിൾ യൂണിറ്റ് കത്തിപ്പോയി. സാംപിളുകൾക്ക് ലഭിക്കുന്ന അംഗീകാരത്തിന് അനുസരിച്ചാണ് ഉൽപാദനം നടന്നിരുന്നത്. ചെന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പിന്റേതാണ് സ്ഥാപനം. അവിടെനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഓഡിറ്ററും എത്തി നഷ്ടങ്ങൾ വിലയിരുത്തിയാൽ മാത്രമേ ഔദ്യോഗിക കണക്ക് ലഭ്യമാകൂ.
കൂടുതലും സ്ത്രീകൾ
സ്ഥാപനത്തിലെ ജീവനക്കാരിലേറെയും സ്ത്രീകളാണ്. 35 വർഷത്തിലേറെയായി കമ്പനി കണ്ണൂരിൽ പ്രവർത്തിക്കുന്നു. 16 വർഷം മുൻപാണ് എസ്എൻ കോളജിൽ അവേര റോഡിൽ ധർമപുരി ഹൗസിങ് കോളനിക്ക് എതിർവശത്തേക്ക് മാറിയത്. 25 വർഷത്തിലേറെയായി ജോലി ചെയ്യുന്നവർ കമ്പനിയിലുണ്ട്. സ്ഥാപനം തുറക്കാൻ വൈകുവോളം ജീവനക്കാരുടെ ഉള്ളിൽ തീയാണ്. ഈ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് പലരുടെയും കുടുംബങ്ങൾ കഴിയുന്നത്. കോവിഡ് കാലത്ത് വീട്ടിലായിപ്പോയ ജീവനക്കാർക്ക് കമ്പനി പകുതി ശമ്പളം നൽകിയിരുന്നു. കമ്പനി അധികൃതരുമായി ചർച്ചകൾ നടത്തുമെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി പ്രതിനിധികൾ പറഞ്ഞു.